Wednesday, December 2, 2009

സാങ്കേതിക വിദ്യകള്‍ പൊതുനന്മയ്ക്കായി വിനിയോഗിക്കണം: മാര്‍ പവ്വത്തില്‍

സാങ്കേതിക വിദ്യകള്‍ പൊതുനന്മയ്ക്കായി വിനിയോഗിക്കണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച്‌ നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ പവ്വത്തില്‍. സാങ്കേതിക വിദ്യ പൊതുനന്മയ്ക്കായി ഉപയോഗിച്ചില്ലെങ്കില്‍ അപകടകരമാണ്‌. താത്ക്കാലിക നേട്ടത്തിനായി രാഷ്ട്രീയ നിലപാടുകളോട്‌ ചേര്‍ന്ന്‌ ഇത്തരം വിദ്യകള്‍ ഉപയോഗിക്കുന്നത്‌ ഗുണകരമല്ല. അറിവ്‌ പൊതുനന്മയ്ക്കായി വിനിയോഗിക്കാന്‍ ചെറുപ്പകാലത്തുതന്നെ മൂല്യബോധം വളര്‍ത്തിയെടുക്കണം. നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള തിരിച്ചറിവ്‌ നേടുകയും വേണം. മൂല്യങ്ങള്‍ ആര്‍ജിക്കുന്നതിന്‌ ഭൗതികതയ്ക്കതീതമായ ജീവിത ദര്‍ശനം അനിവാര്യമാണ്‌. മതവിശ്വാസങ്ങള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു.സമ്മേളനത്തില്‍ ഡോ.ബി ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ഫാ.തോമസ്‌ വെങ്ങാലുവക്കേല്‍ സിഎംഐ, ഡോ. കുര്യാസ്‌ കുമ്പളക്കുളി, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ്‌ പുതുശേരി സിഎംഐ എന്നിവര്‍ പ്രസംഗിച്ചു.