അഭയാ കേസുമായി ബന്ധപ്പെട്ട് സിബിഐ മന:പൂര്‍വം അവഹേളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റര്‍ സെഫി സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. തന്റെ കന്യകാത്വം തെളിയിക്കാന്‍ തയാറാണെന്നും ഇതിനായി കോടതി നിര്‍ദേശിക്കുന്ന ഏത് മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെയും പരിശോധനയ്ക്ക് വിധേയയാകാന്‍ തയാറാണെന്നും സിസ്റ്റര്‍ സെഫി ഹര്‍ജിയില്‍ വ്യക്തമാക്കി. അഭയാ കേസുമായി ബന്ധപ്പെട്ട് നടത്തിയ കന്യകാത്വ പരിശോധനയിലൂടെ തന്നെ സിബിഐ മന:പൂര്‍വം പരിഹസിക്കുകയാണെന്നും തനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തിലായിട്ടുണ്ടെന്നും ഇതിന് പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നും ഡല്‍ഹി ഹായ് ക്കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിസ്റ്റര്‍ സെഫി ചൂണ്ടിക്കാട്ടി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു. സുപ്രീം കോടതി അഭിഭാഷകനായ റോമി ചാക്കോ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സിബിഐയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ആസ്ഥാനം ഡല്‍ഹിയിലായതിനാലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റീസ് വി.കെ ശാലിയാണ് കേസ് പരിഗണിച്ചത്. ജനുവരി 16-ന് കേസ് വീണ്ടും പരിഗണിക്കും. അഭയാ കേസില്‍ 2008 നവംബറില്‍ ചുമതലയേറ്റ സിബിഐയുടെ പുതിയ അന്വേഷണ സം ഘം തന്നെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. പെട്ടെന്ന് തയാറാക്കിയ തിരക്കഥ പോലെ, കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പരിശോധനയാണ് തന്നില്‍ നടത്തിയത്. തന്റെ കന്യകാത്വത്തിന് ഒരു കുഴപ്പവുമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞെങ്കിലും ശസ്ത്രക്രിയ നടത്തി കന്യാചര്‍മം കൂട്ടിച്ചേര്‍ത്തതാണെന്ന കഥയാണ് സിബിഐ പിന്നീടുണ്ടാക്കിയത്. ഇത് സിബിഐ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു.തന്നെ അവഹേളിക്കുന്നതിനായി നടത്തിയ ഈ നടപടിക്കെതിരേ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കി. അതിനു പരിഹാരമുണ്ടാ കാത്തതിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെ ന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനെയും ഹര്‍ജിയില്‍ എതിര്‍കക്ഷിയാക്കിയത് അംഗീകരിച്ച ഹൈക്കോടതി കമ്മീഷനും നോട്ടീസയച്ചിട്ടുണ്ട്. സിബിഐ പറയുന്നതുപോലെ താന്‍ കന്യകാചര്‍മം വച്ചു പിടിപ്പിച്ചിട്ടില്ല. താന്‍ ഇപ്പോഴും കന്യക തന്നെയാണ്. ഇത് തെളിയിക്കാന്‍ താന്‍ തയാറാണ്. കോടതി നിര്‍ദേശിക്കുന്ന ഏത് മെഡിക്കല്‍ ടീമിന് മുമ്പിലും ഏത് പരിശോധനക്കു വിധേയയാകാനും താന്‍ തയാറാണെന്നും ഹര്‍ജിയില്‍ സിസ്റ്റര്‍ സെഫി വ്യക്തമാക്കി. വ്യാജ പരിശോധനാഫലമുണ്ടാക്കിയ ഓഫീസര്‍മാര്‍ക്കെതിരേ നടപടി വേണമെന്നും ഈ ഫലം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭയാ കേസില്‍ കന്യകാത്വ പരിശോധന നടത്തിയ സിബിഐ നടപടിയെയാണ് സിസ്റ്റര്‍ സെഫി ചോദ്യം ചെയ്തിരിക്കുന്നത്. മനുഷ്യന്റേതായ എല്ലാ അവകാശങ്ങളും സിബിഐ തനിക്ക് നിഷേധിക്കുകയായിരുന്നു. കസ്റ്റഡിയില്‍ പീഡിപ്പിച്ച സിബിഐ കെട്ടിച്ചമച്ച കഥ ഉപയോഗിച്ച് മാധ്യമങ്ങളിലൂടെ തന്നെ കരുതിക്കൂട്ടി അവഹേളിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.