Friday, December 4, 2009

കാതോലിക്കാബാവ മുഖ്യമന്ത്രിയെ കണ്ടു

നാടാര്‍ സമുദായത്തിലെ എല്ലാവര്‍ക്കും സംവരണാനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട്‌ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കി. ഇന്നലെ രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്ച.ഇരുപതു മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക്‌ നല്‍കി. അനുകൂല തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ്‌ കരുതുന്നതെന്ന്‌ കൂടിക്കാഴ്്ചയ്ക്കുശേഷം കാതോലിക്കാബാവ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൂടി ഇടപെടേണ്ട കാര്യമായതിനാല്‍ മറ്റുവശങ്ങള്‍ കൂടി പഠിച്ച ശേഷമേ തീരുമാനം എടുക്കാന്‍ കഴിയൂ എന്നു പറഞ്ഞതായും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും കാതോലിക്കാബാവ പറഞ്ഞു.കുറച്ചു പേര്‍ക്കുമാത്രം ആനുകൂല്യങ്ങള്‍ നല്‍കാനുള്ള തീരുമാനത്തിനു പിന്നില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമം ഉള്ളതായി കരുതുന്നില്ലെന്നും സംവരണം ലഭിക്കാത്തവര്‍ക്ക്‌ ലഭിച്ചവരോട്‌ എതിര്‍പ്പില്ല എന്നും ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കാതോലിക്കാബാവയോടൊപ്പം മുഖ്യ വികാരി ജനറാള്‍ മോണ്‍. ജയിംസ്‌ പാറവിള, മോണ്‍. ഡോ. സാമുവല്‍ കാട്ടുകല്ലില്‍, ഫാ.ബോവസ്‌ മാത്യു മേലൂര്‍, സമര സമിതി കണ്‍വീനര്‍മാരായ സി.എസ്‌.കുമാര്‍, പി.പൗലോസ്‌, ധര്‍മരാജ്‌ പിന്‍കുളം, സുദര്‍ശനന്‍ മുല്ലൂര്‍, എംസിഎ അതിരൂപതാ പ്രസിഡന്റ്‌ തോമസ്‌ ചെറിയാന്‍, എംസിവൈഎം അതിരൂപതാ പ്രസിഡന്റ്‌ അജി ഡാനിയേല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.