Saturday, December 12, 2009

മദ്യനിരോധന സത്യഗ്രഹപ്പന്തല്‍ തകര്‍ത്തു വൈദികനടക്കമുള്ള നേതാക്കളെ കൈയേറ്റം ചെയ്തു

മലപ്പുറം കളക്ടറേറ്റ്‌ പടിക്കലെ മദ്യനിരോധന സമിതി സത്യഗ്രഹ പന്തല്‍ റവന്യൂ- പോലീസ്‌ സംഘം പൊളിച്ചു മാറ്റി. സമരസമിതി സംസ്ഥാന നേതാക്കാളായ ഫാ. വര്‍ഗീസ്‌ മുഴുത്തേറ്റ്‌, ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍ എന്നിവരെ കൈയേറ്റം ചെയ്തു. ഇന്നലെ രാവിലെ എട്ടിന്‌ പെരിന്തല്‍മണ്ണ ആര്‍ഡിഒ പി. അബ്ദുറഹിമാന്റെ നേതൃത്വത്തിലാണ്‌ റവന്യൂ-പോലീസ്‌ സംയുക്ത സംഘം പന്തല്‍ പൊളിച്ചത്‌. സത്യഗ്രഹസമിതി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ഫാ. വര്‍ഗീസ്‌ മുഴുത്തേറ്റ്‌ സമീപത്തെ ദേവാലയത്തില്‍നിന്നു പ്രാര്‍ഥന കഴിഞ്ഞു ഇറങ്ങുമ്പോഴാണ്‌ സമരപന്തല്‍ പൊളിക്കുന്നതു കണ്ടത്‌. ഓടിയെത്തിയ ഫാ. മുഴുത്തേറ്റ്‌ പന്തലി ലെ രേഖകള്‍ സൂക്ഷിച്ച പെട്ടിയുടെ മുകളില്‍ ഇരുന്നു. വിവരമറിഞ്ഞു ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണനും സ്ഥലത്തെത്തി വൈദികനൊപ്പം പെട്ടിക്കു മുകളില്‍ ഇരുപ്പുറപ്പിച്ചു. പന്തലില്‍നിന്നു മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വഴങ്ങിയില്ല. തുടര്‍ന്ന്‌ പോലീസിന്റെ സാന്നിധ്യത്തി ല്‍ ഉദ്യോഗസ്ഥര്‍ ഇരുവരെയും റോഡിലേക്കു പിടിച്ചു തള്ളുകയായിരുന്നു. വീഴ്ചയില്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്റെ കാലിനു പരിക്കേറ്റു. ഇദ്ദേഹ ത്തെ മലപ്പുറത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാ. മുഴുത്തേറ്റും ഇയ്യച്ചേരിയും റോഡിലിരുന്നു തന്നെ സത്യഗ്രഹം തുടര്‍ന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ എം. ഉമ്മര്‍ എംഎല്‍എ, കളക്ടര്‍ എം.സി മോഹന്‍ദാസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കളക്ടര്‍ ഫോണ്‍ കട്ടു ചെയ്യുകയായിരുന്നുവത്രേ. തുടര്‍ന്ന്‌ റോഡില്‍ ഫാ. വര്‍ഗീസ്‌ മുഴുത്തേറ്റ്‌ തുടങ്ങിയ സത്യഗ്രഹം എം. ഉമ്മര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍രീതിയില്‍ സമാധാനപരമായി നടക്കുന്ന സത്യഗ്രഹത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെ സമരപ്പന്തല്‍ പൊളിച്ചുനീക്കിയതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവരമറി ഞ്ഞു നൂറുകണക്കിനാളുകള്‍ കളക്ടറേറ്റ്‌ പടിക്കലിലേക്കു എത്തി. ഇവരുടെ സഹായത്തോടെ താല്‍ക്കാലിക സമരപ്പന്തല്‍ കെട്ടിയുയര്‍ത്തി സമരം അതിലേക്കു മാറ്റി. പഞ്ചായത്ത്‌ രാജ്‌ നഗരപാലിക നിയമങ്ങളില്‍നിന്നു റദ്ദ്‌ ചെയ്ത പ്രാദേശിക മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ഒരു വര്‍ഷവും നാലുമാസവുമായി മലപ്പുറം കളക്ടറേറ്റ്‌ പടിക്കലില്‍ സമാധാനപരമായി ഗാന്ധിയന്‍ സത്യഗ്രഹം നടന്നുവരികയായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തും ഭൂരിപക്ഷ മതസാമുദായിക സംഘടനകളും സത്യഗ്രഹത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജനകീയ സമരത്തിനെതിരേ തികച്ചും നിഷേധ നില പാടായിരുന്നു സര്‍ക്കാരിന്‌. പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന്‌ മലപ്പുറത്തു നല്‍കിയ സ്വീകരണത്തില്‍ സിപിഎം കേന്ദ്രസെക്രട്ടറിയേറ്റ്‌ അംഗം എ. വിജയരാഘവന്‍ എംപി സമരത്തെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയിരുന്നു. സമരത്തെക്കുറിച്ച്‌ ഒന്നും അറിയില്ലെന്നാണ്‌ മന്ത്രി പാലോളി മുഹമ്മദ്കുട്ടി നിയമസഭയില്‍ പറഞ്ഞിരുന്നത്‌. അതേസമയം, സമരത്തിന്റെ രണ്ടാംഘട്ടമായി ആയിരം കിലോമീറ്റര്‍ പദയാത്ര നടന്നുവരികയാണ്‌. യാതൊരു ഗതാഗത തടസവുമുണ്ടാക്കാ ത്ത തരത്തില്‍ റോഡിന്റെ ഓരത്തായിരുന്നു സമരപ്പന്തല്‍. മൈക്കിനു പകരം മെഗാഫോണായിരുന്നു സമരക്കാര്‍ ഉപയോഗിച്ചിരുന്നത്‌. കളക്ടറേറ്റിനു പടിക്കല്‍ ഗതാഗതം സ്തംഭിപ്പിച്ച്‌ റോഡില്‍ കസേരയിട്ടായിരുന്നു പല സംഘടനകളും സമരം ചെയ്തിരുന്നത്‌. ഇതിനെതിരേ അധികൃതര്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല. റോഡ്‌ സുരക്ഷക്കായി അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനാണ്‌ സമരപ്പന്തല്‍ പൊളിച്ചുനീക്കിയെന്നാണ്‌ കളക്ടര്‍ എം.സി.മോഹന്‍ദാസ്‌ പറഞ്ഞത്‌. ജില്ലയില്‍ പലയിടത്തും അനധികൃത കൈയേറ്റത്തിനു നടപടി സ്വീകരിച്ചുവരികയാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും പൊതുസ്ഥലം കൈയേറി സ്ഥാപിച്ച സ്തൂപങ്ങളും ഷെഡുകളും മറ്റും പൊളിച്ചുനീക്കാന്‍ യാതൊരു ന ടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.