Monday, December 14, 2009
മദ്യവിരുദ്ധ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ കെസിബിസി പ്രതിഷേധിച്ചു
മലപ്പുറം കളക്ടറേറ്റ് പടിക്കല്‍ മദ്യനിരോധന സമിതിയുടെ സമരപന്തല്‍ റവന്യൂ-പോലീസ് സംഘം പൊളിച്ചു മാറ്റി വൈദികനടക്കമുള്ള സമരസമിതി നേതാക്കളെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗാന്ധിയന്‍ മാര്‍ഗത്തില്‍ നടത്തിയ സത്യഗ്രഹത്തെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത നീക്കത്തെ സമാധാനപരമായിത്തന്നെ നേരിടണമെന്നും മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. പഞ്ചായത്തി രാജ-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ അനുസരിച്ചു തദ്ദേശസ്വയംഭരണ പ്രദേശത്ത് മദ്യഷാപ്പ് വേണമോ എന്നു തീരുമാനിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ റദ്ദു ചെയ്തിരിക്കുന്നത്. ജനാധികാരം പുനഃസ്ഥാപിക്കാന്‍ സമാധാനപരമായി നടത്തിയ സമരത്തെയാണ് സര്‍ക്കാര്‍ കടന്നാക്രമിച്ചിരിക്കുന്നത്. ഒരു വര്‍ഷവും നാല് മാസവുമായി തികച്ചും സമാധാനപരമായി നടന്ന സമരത്തിന്റെ പന്തല്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊളിച്ചത്. മദ്യലഭ്യത വര്‍ധിപ്പിച്ചു കേരളീയരെ മദ്യാസക്തരാക്കാനുള്ള നീക്കത്തില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും മദ്യത്തിന്റെ ലഭ്യത കുറച്ചു വില്‍പനയില്‍ നിയന്ത്രണ-നിരോധന നടപടികള്‍ സ്വീകരിക്കണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.