Thursday, December 10, 2009

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മൂല്യബോധമുള്ള സമൂഹം: മാര്‍ പവ്വത്തില്‍

മൂല്യബോധവും ശിക്ഷണബോധവുമുള്ള പ്രബുദ്ധമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയെന്നതാകണം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. സെന്റ്‌ അലോഷ്യസ്‌ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചതിന്റെ ദശവത്സര ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കുന്ന അറിവ്‌ ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡം മൂല്യബോധമാകണം. അധ്യാപനം ഒരു ആത്മീയ സമരമാണ്‌. തങ്ങളുടെ സ്ഥാപനത്തിന്റെ യശസ്‌ ഉയര്‍ത്തേണ്ട കര്‍ത്തവ്യം ഇന്നത്തെ വിദ്യാര്‍ഥികളില്‍ നിക്ഷിപ്തമാണെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. ഫൊറോനാ വികാരി റവ. ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാ അത്ത്‌ ഇമാം സഫാദ്‌ മൗലവി, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. റോയിസ്‌ ചിറയില്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയിംസ്‌ കുര്യന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ സാബു മാത്യു, മോളി ലൂയിസ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ. ജോസഫ്‌, പഞ്ചായത്തംഗം പി.ജി കൃഷ്ണന്‍കുട്ടിനായര്‍, പ്രിന്‍സിപ്പല്‍ ചിന്നമ്മ മാത്യു, ഹെഡ്മാസ്റ്റര്‍ കുരുവിള ജേക്കബ്‌, പിടിഎ പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ സാലസ്‌, പി.വി ജോസഫ്‌, ഡോ.ജോജി ജോര്‍ജ്‌, ലൂസി എം.ജെ, സിസ്റ്റര്‍ സെലീനാമ്മ തോമസ്‌, ക്രിസ്റ്റി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.