Thursday, December 10, 2009

ഡോ.അച്ചാരുപറമ്പില്‍ സാമൂഹ്യനീതിക്ക്‌ നേതൃത്വം നല്‍കിയ വ്യക്തി: ഡോ.സൂസപാക്യം

ഉന്നതമായ ചിന്തകളോടെ സാമൂഹ്യനീതിക്കായി സാമൂഹ്യവും അധ്യാത്മീകവുമായ നേതൃത്വം ലത്തീന്‍ സഭയ്ക്ക്‌ നല്‍കിയ മഹത്‌ വ്യക്തിയായിരുന്നു ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലെന്നു തിരുവനന്തപുരം ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം അനുസ്മരിച്ചു. കേരളാ റീജിയണല്‍ ലത്തീന്‍ കാത്തലിക്‌ കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) എക്സിക്യൂട്ടീവ്‌ യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പിന്തള്ളപ്പെട്ടവര്‍ പിന്നോക്കക്കാരായി എന്നു വിലപിക്കാതെ തങ്ങളുടെ കഴിവും ഇച്ഛാശക്തിയും ഉപയോഗിച്ച്‌ മുഖ്യധാരയിലേക്ക്‌ കടന്നുവരാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന ബോധ്യമാണ്‌ ഡാനിയേല്‍ അച്ചാരുപറമ്പില്‍ നല്‍കിയതെന്ന്‌ ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. കൊച്ചി രൂപത ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍, ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ്‌, സിഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി വി.ജെ മാനുവല്‍, കെസിവൈഎം സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്‌ തോമസ്‌, കെ.ആര്‍.എല്‍.സി.സി സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, ട്രഷറര്‍ പ്രഫ. എസ്‌. റെയ്മണ്ട്‌ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പുമാരായ ഡോ. വിന്‍സന്റ്‌ സാമൂവല്‍, ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍, ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ഡോ. സ്റ്റാന്‍ലി റോമന്‍, ഡോ. ഫ്രാന്‍സീസ്‌ കല്ലറയ്ക്കല്‍, ഡോ. ജോസഫ്‌ കാരിയ്ക്കശേരി , ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനുശേഷം കെ.ആര്‍.എല്‍.സി.സി എക്സിക്യൂട്ടീവ്‌ അംഗങ്ങള്‍ ആര്‍ച്ച്ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ കല്ലറയില്‍ പ്രത്യേക പ്രാര്‍ഥന നടത്തി.