Tuesday, December 8, 2009

നാടാര്‍ സമുദായത്തിന്‌ സാമൂഹ്യനീതി നിഷേധിക്കരുത്‌: കെസിബിസി ജാഗ്രതാസമിതി

നാടാര്‍ സമുദായത്തിലെ എല്ലാവര്‍ക്കും സംവരണാനുകൂല്യം നല്‍കിക്കൊണ്ട്‌ തുല്യ സാമൂഹ്യ നീതി ലഭ്യമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ കെസിബിസി ജാഗ്രതാസമിതി ആവശ്യപ്പെട്ടു. നാടാര്‍ സമുദായത്തിലെ കുറച്ചുപേര്‍ക്കുമാത്രം സംവരണാനുകൂല്യം നല്‍കുവാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഭാവികനീതിയുടെ ലംഘനമാണെന്ന്‌ കെസിബിസി ജാഗ്രതാസമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസപരവും സാമുദായികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന നാടാര്‍ സമുദായത്തില്‍പെട്ടവര്‍ ക്രൈസ്തവമതത്തില്‍പെട്ടതുകൊണ്ടുമാത്രം സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്‌ സാമൂഹ്യ അനീതിയാണ്‌. ചില പ്രത്യേക മതത്തിലും സമുദായത്തിലുംപെട്ടവരെ അവഗണിക്കുകയും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നത്‌ ശരിയല്ല. പാര്‍ശ്വവത്ക്കരിക്കപ്പെട്ട നാടാര്‍ ക്രൈസ്തവരുടെ അവസ്ഥ മനസ്സിലാക്കുവാനും നാടാര്‍ സമുദായത്തിലെ എല്ലാവര്‍ക്കും തുല്യ സംവരണാനുകൂല്യങ്ങള്‍ ഉറപ്പു വരുത്തുവാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.