Wednesday, December 9, 2009

കെസിബിസി സമ്മേളനം 10 ന്‌ തുടങ്ങും

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനം 10, 11, 12 തീയതികളില്‍ കൊച്ചിയിലെ കെസിബിസിയുടെ ആസ്ഥാന കാര്യാലയമായ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നടത്തും. 10 ന്‌ രാവിലെ 9.30ന്‌ കേരള കത്തോലിക്കാ സഭയിലെ സന്യാസി സന്യാസിനീ സഭാസമൂഹങ്ങളിലെ ഉന്നത മേലധികാരികളുടെയും മെത്രാന്മാരുടെയും സംയുക്ത സമ്മേളനം കെസിബിസി പ്രസിഡന്റ്‌ ബിഷപ്പ്‌ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ ഉദ്ഘാടനം ചെയ്യും. ‘കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ സമര്‍പ്പിതരുടെ പങ്ക്‌’ എന്ന വിഷയത്തെക്കുറിച്ച്‌ സമ്മേളനം ചര്‍ച്ച ചെയ്യും. തൃശൂര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി സെക്രട്ടറി ജനറലുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും. കേരള കത്തോലിക്കാ സഭയിലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള 220 സമര്‍പ്പിത സന്യാസ സമൂഹങ്ങളിലെ ഉന്നതമേലധികാരികള്‍ കേരളത്തിലെ മെത്രാന്മാരോടൊപ്പം യോഗത്തില്‍ സംബന്ധിക്കും. 10 ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. മാര്‍ത്തോമാ സഭാ ശ്രേഷ്ഠമെത്രാപ്പോലീത്ത ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരെ കൂടാതെ യാക്കോബായ, ഓര്‍ത്തഡോക്സ്‌, മാര്‍ത്തോമ്മാ, സിഎസ്‌ഐ എന്നീ സഭകളിലെയും മെത്രാന്മാര്‍ പങ്കെടുക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ പ്രത്യേകിച്ച്‌ എയ്ഡഡ്‌ കോളജ്‌ മേഖലയില്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ പൊതുവായി നേരിടുന്ന പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.11, 12 തീയതികളിലായി നടക്കുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനത്തില്‍ കെസിബിസിയുടെ 18 കമ്മീഷനുകളുടെയും 10 ഡിപ്പാര്‍ട്ടുമെന്റുകളുടെയും പ്രവര്‍ത്തനവര്‍ഷ റിപ്പോര്‍ട്ട്‌ കമ്മീഷന്‍ സെക്രട്ടറിമാര്‍ അവതരിപ്പിക്കും. കമ്മീഷനുകളുടെയും ഡിപ്പാര്‍ട്ടുമെന്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം സഭ ഇന്ന്‌ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളടക്കം പതിനെട്ടോളം വിഷയങ്ങളില്‍ മെത്രാന്മാര്‍ ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും. കേരള കത്തോലിക്കാ സഭയിലെ 33 മെത്രാന്മാര്‍ പങ്കെടുക്കും.