Saturday, January 30, 2010

അധ്യാപക നിയമനത്തില്‍ കൈകടത്താനുള്ള നീക്കം അംഗീകരിക്കില്ല: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട്‌ ന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തില്‍ കൈകടത്താനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പ്രസ്താവിച്ചു. പ്രൊട്ടക്റ്റഡ്‌ അധ്യാപകരെ ന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങളിലേക്കു വിന്യസിക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നീക്കത്തോടു പ്രതികരിക്കുകയായിരുന്നു കൗണ്‍സില്‍. അധ്യാപകരുടെ നിയമന നിരോധനം പിന്‍വലിച്ചുവെന്നു പറഞ്ഞുകൊണ്ട്‌ വിദ്യാഭ്യാസ വകുപ്പിറക്കിയിരിക്കുന്ന ഉത്തരവില്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം അവഗണിച്ചുകൊണ്ടാണ്‌ അധ്യാപകരെ നിയമിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഭരണഘടനാവിരുദ്ധമായ ഈഉത്തരവുകള്‍ നിലനില്‍ക്കുകയില്ലെന്നറിഞ്ഞുകൊണ്ടുതന്നെയുള്ള ഈ നീക്കം പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രമായിട്ടാണ്‌ കാണാന്‍ കഴിയുന്നത്‌. ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശം ഒരു സമൂഹത്തിനു നിഷേധിക്കാന്‍ വിദ്യാഭ്യാസവകുപ്പ്‌ ഇവിടെ ബലപ്രയോഗത്തിന്റെ മാര്‍ഗം അവലംബിക്കുകയാണ്‌. ഇത്‌ തികച്ചും അപകടകരവും അസ്വീകാര്യവുമാണ്‌. ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ ജനാധിപത്യവിരുദ്ധരും സര്‍വാധിപത്യ നിലപാടുകാരുമാണ്‌. അധ്യാപക നിയമനത്തിലുള്ള അവകാശം വിദ്യാഭ്യാസ അവകാശത്തിന്റെ തന്നെ ഭാഗമാണ്‌. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ ഉയര്‍ന്ന പൊതുവിദ്യാഭ്യാസ നിലവാര ത്തിനു കാരണം ഇവിടുത്തെ എയ്ഡഡ്‌ സ്കൂളുകളുടെ പ്രവര്‍ത്തനമാണ്‌ എന്നതു വിസ്മരിക്കരുത്‌. അവയുടെ നിലനില്‍പ്‌ തന്നെ അപകടത്തിലാക്കുന്ന നീക്കമാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്‌. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്ന നീക്കങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം. ജനാധിപത്യപരമായ അവകാശങ്ങള്‍ മാനിക്കാനും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു പിന്തുണ നല്‍കി ഗുണമേന്മയുള്ള വിദ്യാഭ്യാസം വളര്‍ത്തിക്കൊണ്ടുവരുവാനുമാണ്‌ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്‌. അല്ലാതെ അവയെ തകര്‍ക്കാനല്ല.