Saturday, January 30, 2010

സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ നേരിടും : ഡോ.എം.സൂസപാക്യം

സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ നിയമപരമായും സാമുദായികമായും നേരിടുമെന്നു ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം. ഇടക്കൊച്ചി അക്വിനാസ്‌ ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച കേരളാ റീജ്യന്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സില്‍ 15-ാ‍മത്‌ ജനറല്‍ ബോഡി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.കെആര്‍എല്‍സിസി രൂപീകരിക്കപ്പെട്ട ശേഷം അല്‍മായ കമ്മീഷന്‍ സംവരണക്കാര്യത്തില്‍ ശക്തമായ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, സംവരണത്തെ അട്ടിമറിക്കുവാനായി നിക്ഷിപ്ത താത്പര്യക്കാരില്‍ നിന്നും നിരന്തരമായി നീക്കങ്ങള്‍ ഉണ്ടായിരിക്കുകയാണ്‌. എല്ലാ വിഭാഗങ്ങളിലും അവശതയനുഭവിക്കുന്നവര്‍ ഉണെ്ടന്നത്‌ വസ്തുതയാണ്‌. ന്യായമായ മാര്‍ഗങ്ങളിലൂടെ ഇത്തരക്കാരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനും ലത്തീന്‍ സമൂഹം തയാറാണ്‌. എന്നാല്‍, സംവരണം സ്ഥായിയായ ഒരു പരിഹാര മാര്‍ഗമല്ലെന്നും ചരിത്രപരമായി അവശതകള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള താത്കാലിക ഉപാധി മാത്രവുമാണെന്ന്‌ മനസിലാക്കണം. ഉദ്ദേശിച്ച തരത്തില്‍ സംവരണം നടപ്പാക്കിയിരുന്നെങ്കില്‍ ഇന്ന്‌ സംവരണത്തിന്റെ ആവശ്യകത തന്നെ ഇല്ലാതാകുമായിരുന്നു-ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. ലത്തീന്‍ സമൂഹത്തിന്‌ ജനസംഖ്യാനുപാദികമായ സമത്വം കൈവരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. എല്ലാ തലങ്ങളിലും സ്വാധീനമുള്ള സമുദായങ്ങള്‍ പിടിമുറുക്കുകയും അവശ സമുദായങ്ങള്‍ തഴയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. സമ്മര്‍ദ തന്ത്രങ്ങളിലൂടെ ചരിത്ര വസ്തുതകളെ തമസ്ക്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌. ഇതിനെതിരായി ക്രൈസ്തവ സമൂഹം ജാഗരൂകരായിരിക്കണം. ഇത്തരമവസ്ഥയില്‍ സഭാ ചരിത്രത്തെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നതായും ആര്‍ച്ച്‌ ബിഷപ്‌ ഡോ.സൂസപാക്യം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന കടല്‍ മത്സ്യ ബന്ധന പരിപാലന നിയമം പരമ്പരാഗത മത്സ്യ ബന്ധനക്കാരെ അടിച്ചമര്‍ത്തുന്നതാണെന്ന്‌ തീരദേശ മത്സ്യതൊഴിലാളി സമൂഹത്തിനായി ആരംഭിച്ച (കടല്‍) കോസ്റ്റല്‍ ഏരിയാ ഡവലപ്മെന്റ്‌ അസോസിയേഷന്‍ ഫോര്‍ ലിബറേഷന്‍ എന്ന സംഘടന ഉദ്ഘാടനം ചെയ്തു കൊണ്ട്‌ ആര്‍ച്ച്‌ ബിഷപ്‌ വ്യക്തമാക്കി അല്‍മായ കമ്മീഷന്റെ കീഴില്‍ വനിതകള്‍ക്ക്‌ മാത്രമായുള്ള വനിതാ വേദിയായ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമെന്‍സ്‌ അസോസിയേഷനും ആര്‍ച്ച്‌ ബിഷപ്‌ ഉദ്ഘാടനം ചെയ്തു. ചാള്‍സ്‌ ഡയസ്‌ എംപി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. കൊച്ചി ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി.കുളക്കായത്തില്‍, ഡോ.ജെ.ബി രാജന്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, ഫാ.സെബാസ്റ്റ്യന്‍ ഏരിയങ്ങലത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.