സീറോ മലബാര്‍ സഭയില്‍ ആരംഭിക്കപ്പെട്ടതും സഭയില്‍ പ്രൊവിന്‍സുകള്‍ രൂപീകരിക്കപ്പെട്ടതുമായ എല്ലാ സന്യാസ - സന്യാസിനീ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സിന്റെ സമ്മേളനം സീറോ മലബാര്‍ സഭയുടെ കാര്യാലയമായ മൗണ്ട് സെന്തോമസില്‍ വച്ച് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 4 മണി വരെ നടത്തപ്പെടുന്നു. മിഷന്‍ പ്രവര്‍ത്തനങ്ങളിലും പ്രവാസികളുടെ അജപാലനത്തിനും സന്യസ്ത സമൂഹങ്ങളുടെ സഹകരണമാണ് മുഖ്യ ചര്‍ച്ചാവിഷയം. സമ്മേളനത്തില്‍ അത്യുന്നത കര്‍ദ്ദിനാള്‍ ആര്‍ച്ച് ബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും. സുവിശേഷവല്‍ക്കരണത്തിന്റേയും പ്രവാസികളുടെ അജപാലനത്തിന്റേയും കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ അദ്ധ്യക്ഷനായിരിക്കും. മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്തറ, മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കും. ബാംഗ്ലൂര്‍ ധര്‍മ്മാര വിദ്യാക്ഷേത്രത്തിന്റെ പ്രസിഡന്റായ റവ. ഫാ. ഫ്രാന്‍സീസ് തോണിപ്പാറ സിഎംഐ മുഖ്യ പ്രബന്ധം അവതരിപ്പിക്കും. സീറോ മലബാര്‍ സന്യസ്ത കൂട്ടായ്മയുടെ പ്രസിഡന്റായ റവ. ഫാ. മാത്യൂ കുമ്പുക്കേല്‍ സിഎസ്സ്റ്റി പ്രസംഗിക്കും. സിഎംഐ സഭയുടെ വികാര്‍ ജനറാള്‍ ഫാ. ജോര്‍ജ്ജ് താഞ്ചന്‍ നിര്‍ദ്ദേശങ്ങളുടെ കരടുരേഖ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുകയും ചെയ്യുമെന്ന് കമ്മീഷന്‍ സെക്രട്ടറി ഫാ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍ അറയിച്ചു.