വികസനം അധികാരികള്‍ മാത്രം സാധ്യമാക്കേണ്ട ഒന്നല്ല, മറിച്ച് അത് ഉണ്ടാക്കേണ്ടത് നമ്മളാണെന്ന ചിന്ത സമൂഹത്തിനുണ്ടായെങ്കിലേ വികസനം കൈവരികയുള്ളുവെന്ന് മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ്് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ. മാര്‍ സിറില്‍ ബസേലിയോസ് കാതോലിക്കാബാവയുടെ മൂന്നാം ശ്രാദ്ധപ്പെരുന്നാളിന്റെ ഭാഗമായി മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്രോതസില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള സെമിനാര്‍ ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എന്‍. പീതാംബരക്കുറുപ്പ് എം.പി അനുസ്മരണ പ്രഭാഷണം നടത്തി. മാര്‍ സിറില്‍ ബസേലിയോസ് കാതോലിക്കാബാവയുടെ ദീപ്ത സ്മരണയ്ക്ക് പ്രണാമം അര്‍പ്പിച്ചശേഷം മാര്‍ ക്ലീമിസ് കാതോലിക്കാബാവ ഞായറാഴ്ച അന്തരിച്ച മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബാസുവിന്റെ സ്മരണയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു. ശ്രാദ്ധപ്പെരുനാളിന്റെ ഭാഗമായി രാവിലെ പട്ടം കത്തീഡ്രലില്‍ കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവരും മേജര്‍ അതിരൂപതയിലെ വൈദികരും സഹകാര്‍മികരായി. കബറിങ്കല്‍ ധൂപ പ്രാര്‍ഥനയും നടന്നു.വികസനത്തെക്കുറിച്ച് തനിമയാര്‍ന്ന കാഴ്ചപ്പാടുണ്ടായിരുന്ന ദാര്‍ശനികനായിരുന്നു മാര്‍ സിറില്‍ ബസേലിയോസ് എന്ന് കാതോലിക്കാബാവ അനുസ്മരിച്ചു. അതു കേവലം ജീവകാരുണ്യ പ്രവൃത്തിയല്ല. വികസനം, മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന പുരോഗതിയാവണമെന്ന് അദ്ദേഹം പഠിപ്പിച്ചു. കൊച്ചി മാത്രം സ്മാര്‍ട്ടായാല്‍ പോര, നാട്ടിലെ ഓരോ ഗ്രാമവും സ്മാര്‍ട്ടാകണം. അതിനു വിഭാഗീയതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെ വികസനത്തിനക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാവണം. സമ്പന്നരുടെ വികസനത്തിന് അത്ര കരുതലൊന്നും വേണ്ട.വികസനം ആരംഭിക്കേണ്ടത് മനുഷ്യമനസുകളിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നാം കരുതി അതു നടത്തേണ്ടത് ബ്രിട്ടീഷുകാരാണെന്ന്. പിന്നീട് കരുതി നാം ജയിപ്പിച്ചു വിടുന്ന ജനപ്രതിനിധികളാണെന്ന്. വികസനം ഉറപ്പാക്കാന്‍ അവര്‍ക്കു മാത്രമായി സാധിക്കില്ല. പഞ്ചായത്തുകള്‍ പോലുള്ള ക്രമീകരണങ്ങള്‍ വികസനത്തിനു വേഗം കൂട്ടാനുള്ള സംവിധാനങ്ങളാണ്. എന്നാല്‍ വികസനം ഉറപ്പാക്കേണ്ടത് നമ്മളാണ്. നമ്മുടെ നികുതി പണവും നാടിന്റെ ഇതര വരുമാനങ്ങളും വിനിയോഗിച്ച് വികസനം നടത്താനുള്ള ബാധ്യത അധികാരികള്‍ക്കുണ്ട്. എന്നാല്‍ 20 അടി നീളവും 10 അടി ഉയരവുമുള്ള ഒരു കെട്ടിടത്തില്‍ എംപിയുടെ പ്രാദേശിക ഫണ്ട് കൊണ്ടുണ്ടാക്കിയത് എന്ന് എഴുതിവയ്ക്കുന്നതു കാണുമ്പോള്‍ വിസ്മയം തോന്നാറുണ്ട്. അതു നമ്മള്‍ കൊടുത്ത പണം കൊണ്ടുണ്ടാക്കിയതാണ്. അവരുടെ യാത്രപ്പടി ഒന്നുമല്ല. മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവരുടെയും വികസനം ലക്ഷ്യമാക്കുന്ന പ്രസ്ഥാനമാണ് മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെന്ന് കാതോലിക്കാ ബാവ പറഞ്ഞു. ബത്തേരിയില്‍ ഉണ്ടായ ഒരു കൊടുങ്കാറ്റില്‍ തകര്‍ന്നുപോയ ഒരു കോളനിയിലെ 25 കുടുംബങ്ങളെ അവരുടെ സമുദായം നോക്കാതെ സഹായിച്ച സിറില്‍ പിതാവിന്റെ മാതൃക നമുക്ക് പ്രകാശം പകരുന്നു: അദ്ദേഹം പറഞ്ഞു. സ്ത്രീശാക്തീകരണത്തിനുള്ള അവശ്യ ഉപാധിയാണ് സംവരണം എന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സംവരണത്തിലൂടെ പദവികള്‍ ഉറപ്പാക്കപ്പെടുന്നു. അതുകൊണ്ട് മാത്രം ശാക്തീകരണം സംഭവിക്കില്ല. പദവികള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി സ്ത്രീകള്‍ക്കുണ്ടാവണം. അവരെ അംഗീകരിക്കുന്നതിന് സമൂഹം ഉണ്ടാക്കുന്ന തടസങ്ങള്‍ മാറണം. കേരളത്തില്‍ ജനകീയാസൂതണം നടപ്പാക്കിയപ്പോള്‍ ആദ്യ വര്‍ഷം ഒന്നും ചെയ്യാനറിയാതിരുന്ന സ്ത്രീകള്‍ മൂന്നാം വര്‍ഷമായപ്പോഴേക്കും വളരെ മിടുക്കരായി മാറിയ അനുഭവം അദ്ദേഹം വിവരിച്ചു.