Saturday, January 16, 2010

പരിസ്ഥിതി സംരക്ഷണത്തിന്‌ പദ്ധതികളുമായി കത്തോലിക്കസഭ

പരിസ്ഥിതി സംരക്ഷണത്തിന്‌ നൂതന പദ്ധതികളുമായി കത്തോലിക്കാ സഭ മുന്നിട്ടിറങ്ങുന്നു. ബെനഡിക്റ്റ്‌ 16-ാ‍മന്‍ മാര്‍പാപ്പയുടെ ലോക സമാധാന ദിന സന്ദേശത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ്‌ കേരള കത്തോലിക്കാ സഭ പ്രകൃതി സംരക്ഷണത്തിന്‌ പുതിയ പദ്ധതി തയാറാക്കുന്നത്‌. ‘കാരിത്താസ്‌ ഇന്‍ വേരിത്താത്തെ’(സത്യത്തില്‍ സ്നേഹം) എന്ന ചാക്രിക ലേഖനത്തിലും പ്രകൃതിപരമായ പരിസ്ഥിതിയോടുള്ള മനുഷ്യന്റെ ദൃഢബന്ധത്തില്‍ നിന്നുണ്ടാകുന്ന കടമകളോട്‌ ഉറ്റബന്ധം പുലര്‍ത്തുന്നതാണ്‌ സമഗ്ര മാനുഷിക വികസനമെന്ന്‌ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്‌. മലിനീകരണം, ഖരമാലിന്യങ്ങള്‍, പുതിയ രോഗങ്ങള്‍, തികഞ്ഞ വിനാശക ശക്തി എന്നിങ്ങനെയുള്ളവ വ്യാപകമായ ഒരു സാമൂഹിക പ്രശ്നമായി മുഴുവന്‍ മനുഷ്യവംശത്തെയും ബാധിക്കുമെന്നു മാര്‍പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.ഭൂമി, ജലം, വായു എന്നിവ എല്ലാവര്‍ക്കും വേണ്ടി സ്രഷ്ടാവായ ദൈവം നല്‍കിയ സമ്മാനമെന്ന നിലയില്‍ സംരക്ഷിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മൂവാറ്റുപുഴ രൂപതാധ്യക്ഷനായ ഡോ.ഏബ്രഹാം മാര്‍ ജൂലിയോസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെയും കെസിബിസി നിയോഗിച്ചിരുന്നു. കേരളത്തില്‍ ഒരു പരിസ്ഥിതി സൗഹൃദ സംസ്ക്കാരം രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്‌ സമിതി ആസൂത്രണം ചെയ്യുന്നത്‌. ഇതിന്റെ പ്രാഥമിക യോഗം കൊച്ചി പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നടന്നു.വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരും ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും പരിസ്ഥിതിവാദികളും ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയില്‍നിന്നു മാര്‍ഗരേഖ തയാറാക്കുന്നതിനായി സബ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണി കൊച്ചുപറമ്പില്‍ കണ്‍വീനറാണ്‌. ഇവര്‍ തയാറാക്കുന്ന മാര്‍ഗരേഖ കെസിബിസിയുടെ ജൂണ്‍ സെഷനില്‍ ചര്‍ച്ചയ്ക്ക്‌ വയ്ക്കും. പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കെസിബിസി പ്രത്യേക കമ്മീഷനെയും നിയോഗിക്കും. പരിസ്ഥിതിക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളെയും ഇന്ത്യന്‍ പരിസ്ഥിതി സംഘടന, പരിസ്ഥിതി-വനം മന്ത്രാലയം, പരിസ്ഥിതി വികസന നേതൃത്വ പരിശീലന സമിതി തുടങ്ങിയവയുമായും വിവിധ പരിസ്ഥിതി ക്ലബുകളുള്‍പ്പെടെയുള്ളവയുമായും കൈകോര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഭ ആലോചിക്കുന്നുണ്ട്‌. 29 രൂപതകളെയും അതിനു കീഴിലുള്ള മുഴുവന്‍ സ്കൂളുകളെയും-കോളജുകളെയും കെസിബിസിയുടെ 18 കമ്മീഷനുകളും 10 ഡിപ്പാര്‍ട്ടുമെന്റുകളും സംയുക്തമായി ഇതര മതസ്ഥരുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.