2006-2007 വര്‍ഷം മുതല്‍ എയ്ഡഡ് സ്കൂളിലെ പുതിയ ഡിവിഷനുകളിലെ നിയമനം അംഗീകരിച്ചുകൊണ്ട്് ഈ മാസം 12ന് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ അവകാശലംഘനമാണെന്നു കെസിബിസി. നിലവിലുള്ള കേരള സംസ്ഥാന വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കു വിരുദ്ധവും ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനവുമായ ഉത്തരവു പിന്‍വലിക്കണമെന്ന് കെസിബിസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എയ്ഡഡ് സ്കൂളിലെ അധ്യാപകനിയമനം മാനേജര്‍മാരുടെ അവകാശമാണ്. അതിനു വിരുദ്ധമായി ഇപ്പോള്‍ അംഗീകരിക്കപ്പെടുന്ന തസ്തികകള്‍ക്കു തത്തുല്യമായ എണ്ണം സംരക്ഷിത അധ്യാപകരെ നിയമിക്കാമെന്ന് മുദ്രപ്പത്രത്തില്‍ എഗ്രിമെന്റ് കൊടുക്കാനുള്ള നിബന്ധന നിയമ വിരുദ്ധമായതിനാല്‍ അംഗീകരിക്കാനാവില്ല. ഇനി വരുന്ന പുതിയ ഡിവിഷനുകളില്‍ 1:1 അനുപാതത്തിലുള്ള നിയമന നിര്‍ദേശവും അവകാശങ്ങളുടെ മേലുള്ള കൈയേറ്റമാണ്. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ പക്വതയില്ലാത്ത പരിഷ്കാരങ്ങളിലൂടെ അനുദിനം തകര്‍ത്തുകൊണ്ടിരിക്കുന്ന ഇടതുപക്ഷസര്‍ക്കാരിന്റെ ന്യൂനപക്ഷപീഡനത്തിന്റെ മറ്റൊരു രൂപമാണ് ഇപ്പോഴത്തെ പുതിയ എയ്ഡഡ് സ്കൂള്‍ നിയമന നിബന്ധനകള്‍. നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാരുമായി ധാരണയിലോ കരാറിലോ ഏര്‍പ്പെടരുതെന്നു കെസിബിസി കേരളത്തിലെ കത്തോലിക്കാ സ്കൂളുകളുടെ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയ്ഡഡ് സ്കൂള്‍ നിയമന നിബന്ധനകള്‍ക്കെതിരേ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി കെസിബിസി പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.