മദ്യനയം രൂപപ്പെടുത്തുമ്പോള്‍ മദ്യ ഉപഭോഗത്തെ നിരുത്സാഹപ്പെടുത്തുന്ന വിധം വേണമെന്നും മദ്യനയം ആവിഷ്കരിക്കുന്നതിനു മുമ്പ് മദ്യവിരുദ്ധപ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്നും കേരള പ്രദേശ് മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മദ്യഉപഭോഗവും മദ്യാസക്തി യും മുതലെടുക്കാനുള്ള ശ്രമങ്ങളാണ് മദ്യരാജാക്കന്‍മാരും സര്‍ക്കാരും നടത്തുന്നത്. വിലകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന ഡിസ്റ്റിലറികള്‍ക്കു ലൈസന്‍സ് നല്‍കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. അടുത്ത അധ്യയനവര്‍ഷം മുതല്‍ മദ്യത്തിന്റെ ദോഷവശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനായി ഒരു പിരീഡ് നീക്കി വയ്ക്കാന്‍ കരിക്കുലം കമ്മിറ്റിക്ക് നിര്‍ദേശം നല്‍കണം. ഈ ആവശ്യങ്ങളുന്നയിച്ച് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ 30ന് സെക്രട്ടേറിയറ്റു പടിക്കല്‍ കൂട്ടഉപവാസവും സര്‍വമത പ്രാര്‍ഥനയും നടത്താനും യോഗം തീരുമാനിച്ചു.അപ്പു കുറ്റിപ്പാട്ട് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ജോണ്‍ മാടമന ഉദ്ഘാടനം ചെയ്തു. ആന്റണി ചാവറ, അഡ്വ. ദിലീപ് ചെറിയനാട്ട്, പി.യു തോമസ് പനയ്ക്കല്‍, ബേബി കളരിക്കല്‍, എല്‍സമ്മ പോള്‍, സ്വാമി ശ്രീനാരായണാനന്ദ, വി. നാരായണന്‍ നായര്‍, കെ.എന്‍ രാജശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.