Monday, January 25, 2010

ജനുവരി 31 മദ്യവിരുദ്ധ ഞായര്‍; മദ്യം ഉപേക്ഷിക്കണമെന്ന്‌ സര്‍ക്കുലര്‍

ജനുവരി 31 മദ്യവിരുദ്ധ ഞായറായി കേരള കത്തോലിക്കാ സഭ ആചരിക്കും. ആരോഗ്യവും സമ്പത്തും സമാധാനവും നശിപ്പിക്കുകയും രോഗങ്ങള്‍ക്ക്‌ അടിമപ്പെടുത്തുകയും കുടുംബങ്ങളെ തകര്‍ത്ത്‌ ജീവിതം നരകതുല്യമാക്കുകയും ചെയ്യുന്ന മഹാവിപത്തായ മദ്യത്തെ ഉപേക്ഷിക്കണമെന്ന്‌ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സര്‍ക്കുലറില്‍ ഉദ്ബോധിപ്പിച്ചു. നമ്മുടെ വിശ്വാസത്തിനും ധാര്‍മികതയ്ക്കും നിരക്കാത്തതും ബൈബിളും മതഗ്രന്ഥങ്ങളും നിഷിദ്ധമെന്നു പഠിപ്പിക്കുന്നതുമായ മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കണം. മദ്യവിരുദ്ധ ഞായറോടനുബന്ധിച്ച്‌ പള്ളികളില്‍ വായിക്കുന്നതിനായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ്‌ ആര്‍ച്ച്ബിഷപ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷത്തിനൊരുങ്ങുമ്പോള്‍ മദ്യവിമുക്ത സമൂഹമായി അതിരൂപതയെ നവീകരിക്കാന്‍ കഴിയണമെന്ന്‌ ആശിക്കുന്നു. മദ്യപാനശീലമുള്ളവര്‍ അതുപേക്ഷിച്ച്‌ ഈ പണം നല്ല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണം. ആഘോഷ ചടങ്ങുകളില്‍നിന്നും മദ്യത്തെ അകറ്റിനിര്‍ത്തണം. മദ്യവിമുക്ത സമൂഹത്തിനായുള്ള ധര്‍മസമരത്തില്‍ എല്ലാവരും അണിചേരണമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.