Tuesday, January 5, 2010

മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണം: ഓള്‍ ഇന്ത്യ കാത്തലിക്‌ യൂണിയന്‍

ദളിത്‌ സമുദായങ്ങളില്‍നിന്നു ക്രൈസ്തവ, മുസ്ലീം മതം സ്വീകരിച്ചവര്‍ക്കു പട്ടികജാതി - പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള രംഗനാഥ മിശ്ര കമ്മീഷന്‍ നിര്‍ദേശം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നു കാത്തലിക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലെ പ്രനിധികളാണ്‌ സമ്മേളനത്തില്‍ പങ്കെടുത്തത്‌. ജസ്റ്റീസ്‌ രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ വയ്ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായി എഐസിയു ദേശീയ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ സെക്യൂറ, സ്റ്റേറ്റ്‌ കോ ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ്‌ വിതയത്തില്‍, ദേശീയ സെക്രട്ടറി തോമസ്‌ ജോണ്‍ തേവാരത്ത്‌ എന്നിവര്‍ പറഞ്ഞു. അഡ്വ.എഡ്വേര്‍ഡ്‌ ആരോഗ്യദാസ്‌, പ്രഫ.വി.എ വര്‍ഗീസ്‌, ജോസഫ്‌ വിക്്ടാര്‍ മരക്കാശേരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരമുള്ള പത്രികയും നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും എഐസിയു നേതാക്കള്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിക്കിട്ടുന്നതിന്‌ ഫെബ്രുവരി മാസത്തില്‍ തിരുവനന്തപുരത്ത്‌ ദളിത്‌ ക്രൈസ്തവരുടെ റാലി സംഘടിപ്പിക്കും. ആവശ്യം ഉന്നയിച്ചു പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനും യോഗം ആവശ്യപ്പെട്ടു. ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച്‌ ആദ്യവാരത്തില്‍ കൂട്ട ധര്‍ണയും സംഘടിപ്പിക്കും. മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടി ക്രമം തീരുമാനിക്കാന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുന്നതിന്‌ കേരളത്തില്‍നിന്നുള്ള എംപി മാര്‍ മുന്‍കൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.