Monday, January 4, 2010

ശക്തമായ മുന്നേറ്റത്തിലൂടെ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകൂ: മാര്‍ ചക്യത്ത്‌

അല്‍മായസമൂഹത്തിന്റെ ശക്തമായ മുന്നേറ്റത്തിലൂടെ മാത്രമേ സമൂഹത്തിലും സഭയിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയൂള്ളൂവെന്ന്‌ എറണാകുളം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. ഓള്‍ ഇന്ത്യ കാത്തലിക്‌ യൂണിയന്‍ (എഐസിയു) സംഘടിപ്പിച്ച ദേശീയ അല്‍മായ പരിശീലന ക്യാമ്പ്‌ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രശ്നങ്ങളെ വിലയിരുത്തി പരിഹാരം കാണുകയും അവയ്ക്ക്‌ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടത്‌ അല്‍മായരുടെ ദൗത്യമാണ്‌ - അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വേറിട്ടു ചിന്തിക്കുന്ന അവസ്ഥയ്ക്ക്‌ മാറ്റം വരണം. ദളിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിജയം കണ്ടെത്തുന്നതിലും സ്ത്രീ ശാക്തീകരണം നല്ല രീതിയില്‍ സാധ്യമാക്കുന്നതിനും നമുക്ക്‌ സാധിച്ചിട്ടില്ല. നാടിന്റെ പുരോഗതിക്ക്‌ സത്യത്തില്‍ അധിഷ്ഠിതമായ സ്നേഹം വളര്‍ത്തിയെടുക്കേണ്ടത്‌ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എഐ.സി.യു ദേശീയ സെക്രട്ടറി തോമസ്‌ ജോണ്‍ തേവരേത്ത്‌ അധ്യക്ഷനായിരുന്നു. എ.ഐ.സി.യു നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ എക്സ്‌ സെക്യുറാ മുഖ്യപ്രഭാഷണം നടത്തി. ചാള്‍സ്‌ ഡയസ്‌ എംപി, കെഎല്‍സിഎ പ്രസിഡന്റ്‌ അഡ്വ.റാഫേല്‍ ആന്റണി, സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍, അഡ്വ.ജോസ്‌ വിതയത്തില്‍, എഐസിയു ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്‌ വിക്ടര്‍ മരക്കാശേരി എന്നിവര്‍ പ്രസംഗിച്ചു.