Wednesday, February 10, 2010

മത്സ്യബന്ധന നിയന്ത്രണ പരിപാലന നിയമം ഉപേക്ഷിക്കണം: ഡോ.അത്തിപ്പൊഴിയില്‍

തീരസുരക്ഷയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന നിര്‍ദിഷ്ട സമുദ്ര മത്സ്യബന്ധന നിയന്ത്രണ പരിപാലന നിയമം ഉപേക്ഷിക്കണമെന്ന്‌ ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ അപ്പെക്സ്‌ ബോഡിയായ കേരളാ റീജിയണ്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി)കീഴില്‍ തീരദേശവാസികള്‍ക്കായി പുതുതായി രൂപീകരിച്ച കടലിന്റെ (കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ്‌ ഏജന്‍സി ഫോര്‍ ലിബറേഷന്‍) നേതൃത്വത്തില്‍ എറണാകുളം ബോട്ട്ജെട്ടിയിലെ ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. രാജ്യസുരക്ഷ പ്രധാനപ്പെട്ടതാണെങ്കിലും പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ ബലികഴിക്കാനാവില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നീതിരഹിതമായ നിയമ നിര്‍മാണ നീക്കങ്ങള്‍ എന്തു വില നല്‍കിയും പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ, കടല്‍ സമരസമിതി കണ്‍വീനര്‍ ജോസഫ്‌ ജൂഡ്‌, കെആര്‍എല്‍സിസി സെക്രട്ടറി ഷാജി ജോര്‍ജ്‌, ടി.പീറ്റര്‍, പി.എല്‍ ജോണ്‍കുട്ടി, എ.ബി ജസ്റ്റിന്‍, ഫാ സിജു ജോബ്‌, ഫാ. മത്തിയാസ്‌, അഡ്വ ആന്റണി അമ്പാട്ട്‌, അലക്സ്‌ താളൂപ്പാടത്ത്‌, അഡ്വ.ജോസി സേവ്യര്‍, അഡ്വ തോമസ്‌ ആന്‍ഡ്രൂസ്‌, കെ.എ സന്തോഷ്‌, പി.ജെ തോമസ്‌, അഡ്വ.വി.എ ജെറോം, ബാബു തണ്ണിക്കോട്ട്‌, ഐ.എം ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണയ്ക്ക്‌ മുന്നോടിയായി ഹൈക്കോടതി ജംഗ്ഷനില്‍നിന്നു നടത്തിയ ജാഥ വരാപ്പുഴ അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്‌ ഡോ.ജോസഫ്‌ കാരിക്കശേരി ഉദ്ഘാടനം ചെയ്തു.