ദേശീയഗാനം രാഷ്ട്രത്തിനായുള്ള പ്രാര്‍ഥനയാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് എച്ച്‌എസ്‌എസ് വാര്‍ഷികവും അധ്യാപക-രക്ഷാകര്‍തൃദിനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. രാജ്യത്തെ സംസ്ഥാനങ്ങള്‍, പ്രധാന നദികള്‍, പര്‍വത-മലനിരകള്‍ എല്ലാം അനുസ്മരിച്ചുകൊണ്ട് രാഷ്ട്രത്തെ ദൈവത്തിനു സമര്‍പ്പിക്കുകയാണ് ദേശീയഗാനത്തില്‍. രാജ്യത്തെ ഒന്നായി കാണാനും രാജ്യത്തിനുവേണ്ടി നിലകൊള്ളാനും വിദ്യാലയങ്ങളില്‍ ഒന്നുചേര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും ദേശീയഗാനം ആലപിക്കുമ്പോള്‍ വിദ്യാലയം വീടായി മാറുന്നു. സ്നേഹം, കൂട്ടായ്മ, ഐക്യം, ഈശ്വരവിശ്വാസം എന്നിവ കൈമാറാനാണ് ദേശീയഗാനം ഓര്‍മിപ്പിക്കുന്നത് - ബിഷപ് പറഞ്ഞു. സര്‍വീസില്‍നിന്നു വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ ഫാ. ജോസഫ് മണ്ണനാലിനു സമ്മേളനത്തില്‍ യാത്രയയപ്പു നല്‍കി. മാനേജര്‍ റവ. ഡോ. അലക്സ് കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ബിജി ജോജോ, ജോസ് പി. മറ്റം, ഫാ. ജേക്കബ് മുരിക്കന്‍, എ.എം സെബാസ്റ്റ്യന്‍, മാത്തുക്കുട്ടി ജോസഫ്, ചാള്‍സ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.