Monday, February 15, 2010

വീര്യം കുറഞ്ഞ മദ്യത്തിനെതിരേ ശക്തമായ സമരം: ഡോ. സൂസപാക്യം

വീര്യം കുറഞ്ഞ മദ്യം പ്രചരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ സമരം ഉണ്ടാകുമെന്നു ആര്‍ച്ച്‌ ബിഷപ്‌ ഡോ.സൂസപാക്യം മുന്നറിയിപ്പു നല്‍കി. കേരള സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കുന്നതിനെതിരേ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ കെസിവൈഎം സെക്രട്ടേറിയറ്റ്‌ പടിക്കല്‍ നടത്തിയ മദ്യ വിരുദ്ധ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപതാ വികാരി ജനറാള്‍ മോണ്‍.യൂജിന്‍ എച്ച്‌. പെരേര, അതിരൂപതാ കെസിഐഎം ഡയറക്ടര്‍ ഫാ.പോള്‍ സണ്ണി, അതിരൂപതാ പ്രസിഡന്റ്‌ എബിന്‍, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ മാഗി, പുല്ലുവിള ഫൊറോന പ്രസിഡന്റ്‌ ജോ വിക്ടര്‍, സെക്രട്ടറി ജോണി സൈമണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇത്‌ ഒരു സൂചനാ സത്യാഗ്രഹം മാത്രമാണന്നും തുടര്‍ന്നു കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. കേരളത്തിലെ സ്ത്രീകളെയും കുട്ടികളെയും വരെ കുടിപ്പിക്കുന്നതിനുള്ള തന്ത്രമാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതോടെ കേരളത്തെ തകര്‍ക്കുന്നതിനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നേ വിചാരിക്കാന്‍ കഴിയൂ. സമൂഹം നശീകരണ പ്രവര്‍ത്തികള്‍ക്കെതിരായി മുന്നോട്ട്‌ വരണം. വോട്ടുബാങ്ക്‌ ലക്ഷ്യം വച്ചാ ണ്‌ സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിക്കാര്‍ഡി മാര്‍ട്ടിനി ഇന്ത്യാ ലിമിറ്റഡ്‌ എന്ന കമ്പനിക്കാണ്‌ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌. അടുത്ത മാസം നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത്‌ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഈ സാഹചര്യത്തിലാണ്‌ മദ്യവിരുദ്ധ സമരം വീണ്ടും ശക്തമായിരിക്കുന്നത്‌.