Monday, February 15, 2010

മാര്‍ ബോസ്കോ പുത്തൂര്‍ വിശാല അനുഭവസമ്പത്തുള്ള വ്യക്തിത്വം: കര്‍ദിനാള്‍ ഹ്യൂംസ്‌

സീറോ മലബാര്‍ സഭ കൂരിയ മെത്രാനായി നിയമിതനായ മാര്‍ ബോസ്കോ പുത്തൂര്‍ കഴിവും വിശാലമായ അനുഭവ സമ്പത്തുമുള്ള വ്യക്തിത്വമാണെന്ന്‌ വത്തിക്കാന്‍ തിരുസംഘത്തിലെ വൈദികര്‍ക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രിഫെക്ട്‌ കര്‍ദിനാള്‍ ക്ലൗഡിയോ ഹ്യൂംസ്‌. സീറോ മലബാര്‍ സഭ കൂരിയ മെത്രാനായി ചുമതലയേറ്റ മാര്‍ ബോസ്കോ പുത്തൂരിനെ അഭിനന്ദിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തന പരിചയത്തിന്റെയും ആഴമേറിയ വിശ്വാസത്തിന്റെയും വ്യക്തമായ കാഴ്ചപ്പാടിന്റെയും അനുഭവസമ്പത്ത്‌ അദ്ദേഹത്തിന്‌ സീറോ മലബാര്‍ സഭ കൂരിയ മെത്രാനെന്ന നിലയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ്‌ തന്റെ വിശ്വാസമെന്നും കര്‍ദിനാള്‍ പറഞ്ഞു. സെന്റ്‌ തോമസ്‌ അപ്പസ്തോലനില്‍നിന്നു വിശ്വാസം സ്വീകരിച്ച സമൂഹമാണ്‌ സീറോ മലബാര്‍ വിശ്വാസികള്‍. ഏറെ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ട്‌ വിശ്വാസവും പാരമ്പര്യവും ഉറപ്പിച്ച സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്‌. ഈ വിശ്വാസ പാരമ്പര്യം പുതുതലമുറയ്ക്കും കൈമാറണം. അതുവഴി ലോകത്തിന്റെ പലഭാഗത്തും ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുകയും വേണം. ഇന്ത്യന്‍ കത്തോലിക്കാ സഭയില്‍ മൂന്ന്‌ റീത്തുകളാണ്‌ പ്രധാനമായുള്ളത്‌. ലത്തീന്‍, സീറോ മലബാര്‍, മലങ്കര, ഈ മൂന്ന്‌ റീത്തുകളും സാര്‍വത്രിക സ്നേഹവും സാഹോദര്യവും ഏകത്വവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു കൈകോര്‍ത്ത്‌ മുന്നോട്ടുനീങ്ങുന്നത്‌ ഏറെ ആഹ്ലാദകരമാണ്‌. വിശ്വസ്തരായിരിക്കുകയും വിശ്വാസം പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നതാണ്‌ പരമപ്രധാനം. സ്്നേഹവും കരുണയും പാവങ്ങള്‍ക്ക്‌ നല്‍കുക, സ്നേഹത്തിന്റെയും ശാന്തിയുടെയും സന്ദേശം പകരുക. ഇതാ ണ്‌ ക്രൈസ്തവ മൂല്യം. ഇത്‌ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്‌ സഭയുടെ മുഖമുദ്ര. മാര്‍ ബോസ്കോ പുത്തൂര്‍ വഴി സീറോ മലബാര്‍ സഭയ്ക്കും കത്തോലിക്ക സഭയ്ക്കും കൂടുതല്‍ ഉയര്‍ച്ചയുണ്ടാകുമെന്നും ഉറപ്പുണ്ട്‌ - കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.