Monday, February 15, 2010

ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും

വലിയ നോമ്പിന്‌ ഒരുക്കമായി ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും. കത്തീഡ്രല്‍ മൈതാനിയില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലില്‍ രാവിലെ പത്തിന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. തോമസ്‌ തുമ്പയില്‍ ആമുഖപ്രസംഗം നടത്തും. തുടര്‍ന്ന്‌ റവ. ഡോ. മാത്യു വെള്ളാനിക്കല്‍ വചനപ്രേഘോഷണം നടത്തും. ഉച്ചയ്ക്ക്‌ 12ന്‌ വിശുദ്ധ കുര്‍ബാനയ്ക്ക്‌ വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞും വൈകിട്ടും ഫാ. ആന്റോ കണ്ണമ്പുഴ വിസി വചനപ്രഘോഷണം നടത്തും. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ സമാപനസന്ദേശം നല്‍കും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ 4.30വരെയും വൈകുന്നേരം 5.30 മുതല്‍ ഒന്‍പതുവരെയും രണ്ടു സെഷനുകളായിട്ടാണ്‌ കണ്‍വന്‍ഷന്‍ നടക്കുന്നത്‌. സാര്‍വത്രികസഭ വൈദികവര്‍ഷമായി ആചരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ മുഖ്യവിഷയം ‘പുരോഹിതജനവും പുരോഹിതശുശ്രൂഷയും’ എന്നതായിരിക്കും. മറ്റു ദിവസങ്ങളില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി റവ. ഡോ. ജോസഫ്‌ പാംബ്ലാനി, ബ്രദര്‍ പാപ്പച്ചന്‍ പള്ളത്ത്‌, മൂവാറ്റുപുഴ ബിഷപ്‌ ഏബ്രഹാം മാര്‍ യൂലിയോസ്‌, ഫാ. ഡൊമിനിക്‌ വാളന്മനാല്‍, റവ. ഡോ. മാണി പുതിയിടം, ഫാ. തോമസ്‌ കൊടിനാട്ടുകുന്നേല്‍ തുടങ്ങിയവര്‍ വചനപ്രഘോഷണം നടത്തും.എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, സൗഖ്യദായക ശുശ്രൂഷകള്‍ എന്നിവ ഉണ്ടായിരിക്കും. കെസിഎസ്‌എലിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ 20ന്‌ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക്‌ ഒന്നുവരെ എസ്‌എസ്‌എല്‍സി, പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ ഒരുക്ക കണ്‍വന്‍ഷന്‍ നടക്കും. പതിനായിരം പേര്‍ക്ക്‌ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായുള്ള ക്രമീകരണമാണ്‌ ഒരുക്കിയിരിക്കുന്നത്‌.