വിശുദ്ധ കുര്‍ബാനയ്ക്കിടെ പള്ളിവികാരിയുടെ നേരെ സിപിഎമ്മുകാരനായ ഇടവകാംഗത്തിന്റെ കൈയേറ്റ ശ്രമം. പശുക്കടവ് സെന്റ് തെരേസാസ് പള്ളിവികാരി ഫാ. ജോസഫ് കൂനാനിക്കലിനു നേരെയാണ് ഇന്നലെ രാവിലെ കൈയേറ്റശ്രമം നടന്നത്. രണ്ടാം കുര്‍ബാനയിലെ പ്രസംഗത്തിനിടെ ഈശ്വരവിശ്വാസത്തെയും നിരീശ്വരവാദത്തെയും പറ്റി പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് സിഐടിയുക്കാരനും മരുതോങ്കര പഞ്ചായത്ത് സിപിഎം അംഗം ലിസിയുടെ ഭര്‍ത്താവുമായ ബേബി തടത്തില്‍പറമ്പില്‍ വികാരിക്കുനേരേ വധഭീഷണി മുഴക്കിയത്. അള്‍ത്താരയില്‍ കയറി വികാരിക്കുനേരേ അസഭ്യവര്‍ഷം നടത്തി കൈയേറ്റത്തിനു മുതിരുകയും ചെയ്തു. തുടര്‍ന്നു കുര്‍ബാനയ്ക്കുശേഷം ഇടവകാംഗങ്ങള്‍ മുഴുവനും പൊതുയോഗം ചേര്‍ന്നു കൈയേറ്റശ്രമത്തിനെതിരേ പ്രതിഷേധിച്ചു. വിശ്വാസത്തിന്റെ പേരില്‍ അടുത്തിടെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍നിന്നു പലരും പുറത്തുപോയിട്ടുണ്ട്. വിശ്വാസവും നിരീശ്വരവാദ വും ഒരേസമയം കൊണ്ടുപോകുന്നവരെ പാര്‍ട്ടിയില്‍ നിര്‍ത്താനാവില്ലെന്നു പാര്‍ട്ടിയുടെ ഉന്നത നേതാക്കളും അടുത്തിടെ പറഞ്ഞിട്ടുണ്ടെന്നത് വികാരി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. കത്തോലിക്കാ സഭയിലുള്ളവര്‍ ഈശ്വരവിശ്വാസികളായിരിക്കണം. സഭയുടെ കീഴിലുള്ളവര്‍ക്ക് ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു പോകാനാവില്ല. അവര്‍ വിശ്വാസികളായിരിക്കണമെന്നും വികാരി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് സിഐടിയുക്കാരന്‍ അസഭ്യംചൊരിഞ്ഞ് അള്‍ത്താരയിലേക്കു കയറിയത്. കൈയേറ്റശ്രമത്തിനു തൊട്ടില്‍പ്പാലം പോലീസില്‍ വികാരി പരാതി നല്‍കി. വിശ്വാസത്തെ ചോദ്യംചെയ്തു നിരീശ്വരവാദത്തില്‍ നില്‍ക്കുന്നവരെ സഭാക്കൂട്ടായ്മയില്‍നിന്നു പുറത്താക്കാനും ഇടവകാംഗങ്ങളുടെ പൊതുയോഗം തീരുമാനിച്ചു. സംഭവത്തില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, കെസിവൈഎം, വിന്‍സെന്റ് ഡിപോള്‍, മാതൃസംഘം, മിഷന്‍ലീഗ് തുടങ്ങിയവ പ്രതിഷേധം രേഖപ്പെടുത്തി. ബേബിക്കെതിരേ സഭാതല ത്തില്‍ നടപടിയുണ്ടാകുമെന്നു പള്ളിവികാരി ഫാ.ജോസ ഫ് കൂനാനിക്കല്‍ പറഞ്ഞു. പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനായില്ല. പറഞ്ഞതു തിരുത്താന്‍ അദ്ദേഹത്തിന് ഇനിയും അവസരമുണ്ട്. തിരിച്ചുവരികയും ചെയ്യാം. എന്നാലതു പൂര്‍ണമായ വിശ്വാസിയായിട്ടാകണം എന്നുമാത്രം. ഇടവകാംഗങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്- വികാരി വ്യക്തമാക്കി.