ആഗോള കത്തോലിക്കാ ദൃശ്യശ്രാവ്യ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സിഗ് നിസിന്റെ ഇന്ത്യന്‍ വിഭാഗത്തിന്റെ ദേശീയ അസംബ്ലിയും സെമിനാറും ഇന്നു മുതല്‍ എട്ട് വരെ പിഒസിയില്‍ നടക്കുമെന്ന് ഫാ.ദേവസി കൊല്ലംകുടി, ഫാ.ജോര്‍ജ് പുത്തോക്കാരന്‍, ഡോ.ജോണ്‍പോള്‍, അലന്‍ ബ്രൂക്സ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ ബിഷപ് ഡോ.ജോസഫ് കരിയില്‍ ദിവ്യബലി അര്‍പ്പിക്കും. 11ന് ഉദ്ഘാടന സമ്മേളനത്തില്‍ ആര്‍ച്ചബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യാതിഥിയായിരിക്കും. സിഗ്്നിസ് ഏഷ്യയുടെ പ്രസിഡന്റ് ലോറന്‍സ് ജോണ്‍ വിശിഷ്ടാതിഥിയായിരിക്കും. സത്യദീപം (ഇംഗ്ലീഷ്) ചീഫ് എഡിറ്റര്‍ റവ.ഡോ.പോള്‍ തേലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ ആശംസയര്‍പ്പിക്കും. കേരള സര്‍ക്കാര്‍ രണ്ടാമത്തെ ഏറ്റവും നല്ല ടെലിവിഷന്‍ പരമ്പരയായി തെരഞ്ഞെടുത്ത ‘അല്‍ഫോന്‍സാമ്മ’യുടെ സംവിധായകനും ശാലോം ടിവി ചീഫ് പ്രൊഡ്യൂസറുമായ സിബി യോഗ്യവീടന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സിഗ്്നിസ് മീഡിയ അവാര്‍ഡ് സമ്മാനിക്കും.യുവജനങ്ങളിലുള്ള മാധ്യമ സ്വാധീനത്തെക്കുറിച്ചുള്ള ദേശീയ സെമിനാറില്‍ ബിജു ആലപ്പാട്ട് , ജാന്‍ മേരി വര്‍ഗീസ്, ഡോ.സി.കെ തോമസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ചകളില്‍ റോമി മാത്യു, ടി.എം എബ്രഹാം, ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, പീറ്റര്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം ആറിന് റെക്സ് ബാന്‍ഡിന്റെ സംഗീത സായാഹ്നവും രാത്രി ഒന്‍പത് മുതല്‍ ഹൃസ്വബാലചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.