Friday, February 5, 2010

ഫാ. സൈറസ്‌ വേലംപറമ്പലിന്‌ ഊഷ്മളമായ യാത്രയയപ്പ്‌

കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്റേയും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയുടേയും സെക്രട്ടറിയായി 9 വര്‍ഷം പി.ഒ.സിയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച പാലാ രൂപതാംഗമായ റവ. ഡോ. സൈറസ്‌ വേലംപറമ്പലിന്‌ പി.ഒ.സി സമൂഹാംഗങ്ങളുടെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ്‌ നല്‍കി. പി.ഒ.സിയില്‍ വച്ച്‌ നടന്ന യാത്രയയപ്പ്‌ ചടങ്ങില്‍ കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ മുഖ്യ അതിഥിയായിരുന്നു. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയെന്നനിലയില്‍ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ ഫാ. സൈറസിന്‌ വിജയകരമായി നിര്‍വ്വഹിക്കുവാന്‍ സാധിച്ചുവെന്ന്‌ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ പറഞ്ഞു. പരിമിതമായ സൗകര്യങ്ങള്‍ക്കുളളില്‍ നിന്നുകൊണ്ട്‌ മറ്റു സെക്രട്ടറിമാരില്‍നിന്നും വിത്യസ്തമായ ഉള്‍കാഴ്ചയോടുകൂടി പുതിയ അനേകം പദ്ധതികള്‍ ആവിഷ്കരിക്കുവാനും അത്‌ പ്രാവര്‍ത്തികമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു. ബൈബിള്‍ ഫെസ്റ്റിവല്‍, ബൈബിള്‍ ക്വിസ്‌ എന്നീ കാര്യങ്ങള്‍ ഭംഗിയായി നീക്കാനുളള സംഘടനാവൈഭവം അച്ചനുണ്ട്‌. മറ്റ്‌ രൂപതകളിലെ ബൈബിള്‍ അപ്പോസ്തലേറ്റ്‌ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അന്വേഷിച്ച്‌ അതിലെ മുഴുവന്‍ കാര്യങ്ങളും സംഘടിപ്പിച്ചു കൊണ്ടുപോകുവാന്‍ അച്ചനു കഴിഞ്ഞു. നല്ല ഒരു എഴുത്തുകാരന്‍, ഓര്‍ഗനൈസര്‍, ടീച്ചര്‍ എന്നീതലങ്ങളില്‍ നോക്കുമ്പോള്‍ അച്ചന്‍ വളരെ ബൃഹത്തായ സംഭാവന ചെയ്തിട്ടുണ്ട്‌. ഒമ്പതുവര്‍ഷം സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്തതിന്‌ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു - ബിഷപ്‌ പറഞ്ഞു.

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, റവ.ഫാ. ജോണി കൊച്ചുപറമ്പില്‍, റവ. ഫാ. ജോര്‍ജ്ജ്‌ കുരുക്കൂര്‍, റവ. സി. ടീന സി.റ്റി.സി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കെ.സി.ബി.സി കമ്മീഷന്‍ സെക്രട്ടറിമാര്‍, പി.ഒ.സി സ്റ്റാഫംഗങ്ങള്‍, പി.റ്റി.ഐ സ്റ്റുഡന്റ്സ്‌, കെസിബിസി ബൈബിള്‍ കമ്മീഷന്റെ പുതിയ സെക്രട്ടറി റവ. ഡോ. ജോഷി മയ്യാറ്റില്‍, കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയുടെ ഭാരവാഹികള്‍, വിവിധ രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ്‌ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ യാത്രയയപ്പ്‌ ചടങ്ങില്‍ പങ്കെടുത്തു. റവ.ഡോ. സൈറസ്‌ വേലംപറമ്പില്‍ പാലാ രൂപതയുടെ കീഴിലുളള ചെര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ നേഴ്സിംഗ്‌ കോളേജിന്റെ ഡയറക്ടറായി ഫെബ്രുവരി 6-ാ‍ം തീയതി ചാര്‍ജ്ജെടുക്കുന്നതാണ്‌.