സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും വൈജ്ഞാനിക താല്‍പര്യങ്ങള്‍ക്കുമുപരിയായി മനുഷ്യമനസിന്റെ ചൈതന്യം തിരിച്ചറിയാന്‍ കഴിയുന്ന വിദ്യാഭ്യാസ പദ്ധതിക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് തിരുവനന്തപുരം മേജര്‍ അതിരൂപതാ ബിഷപ് മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളിന്റെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ചലിന്റെ വിദ്യാഭ്യാസരംഗത്ത് നിസ്തുലമായ സംഭാവന നല്‍കാന്‍ സെന്റ് ജോണ്‍സ് സ്കൂളിന് കഴിഞ്ഞിട്ടുണ്ടെന്ന് കാതോലിക്കാ ബാവ പറഞ്ഞു. ഡോ.ജസ്റ്റീസ് കെ നാരായണക്കുറുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നമുക്കു ചുറ്റും നടക്കുന്ന സാമൂഹിക വിഷയങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിദ്യാഭ്യാസം സങ്കുചിത ചിന്തകരായ വിദ്യാര്‍ഥികളെ വളര്‍ത്തുന്നതിനു മാത്രമേ സഹായിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അഡ്വ.കെ രാജു എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സൂരജ്, വൈസ് പ്രസിഡന്റ് വി.വൈ വര്‍ഗീസ്, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് പ്രിന്‍സിപ്പല്‍ ജോര്‍ജ് ടി ജോണ്‍, സെന്റ് ജോസഫ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ സിസ്റ്റര്‍ ലില്ലി തോമസ്, ജൂബിലി കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.വി തോമസ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. സാമുവല്‍ പുന്നൂര്‍ സ്വാഗതവും ജൂബിലി കമ്മിറ്റി കണ്‍വീനര്‍ അജി മാത്യു നന്ദിയും പറഞ്ഞു. തുടര്‍ന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയും നടന്നു.