Tuesday, February 23, 2010

ദൈവനിവേശിതമായ ജീവിതം സന്ദേശമാക്കുമ്പോള്‍ പൗരോഹിത്യം സാര്‍ഥകമാകും: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

ദൈവനിവേശിതമായ ജീവിതം സന്ദേശമാക്കുമ്പോള്‍ മാത്രമേ പൗരോഹിത്യം സാര്‍ഥകമാകുകയുള്ളുവെന്ന്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. വൈദിക വര്‍ഷാചരണത്തോടനുബന്ധിച്ച്‌ സി.എം.ഐ സഭ വിഷന്‍ ആന്‍ഡ്‌ ചലഞ്ചസ്‌ ഓഫ്‌ പ്രീസ്തുഡ്‌ ടുഡേ എന്ന വിഷയത്തില്‍ കാക്കനാട്‌ ചാവറ ഹില്‍സില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഹിതന്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഈ ലോകത്തിലാണെങ്കിലും അവന്‍ ലോകത്തിന്റേതല്ല. അവന്റെ ജീവിതം ദൈവത്തിന്റെ വചനങ്ങള്‍ക്കനുസൃതമായിരിക്കണം. ദൈവവചനങ്ങളെയും മനുഷ്യബലഹീനതകളെയും കുറിച്ച്‌ വ്യക്തമായ അറിവും പുരോഹിതനുണ്ടാകണം. തന്റെ അജഗണത്തെ ദൈവാരൂപിയുടെ സഹായത്തോടെ നയിക്കാന്‍ ചുമതലപ്പെട്ടവനായ അപ്പസ്തോലന്‍മാരാണ്‌ പൗരോഹിത്യത്തിലേക്ക്‌ കടന്നു വന്നിട്ടുള്ളവര്‍. ദൈവവചനങ്ങള്‍ക്കനുസരിച്ചുള്ള ജീവിതത്തിലൂടെ പുരോഹിതന്‍ തന്റെ പ്രസംഗവും പ്രവൃത്തിയും ജനങ്ങള്‍ക്ക്‌ മാതൃകയാക്കണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ദൈവിക രഹസ്യങ്ങളുടെ ജീവിക്കുന്ന സുവിശേഷമായിരിക്കണം പുരോഹിതന്മാരെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ പറഞ്ഞു. കുരിശില്‍ സ്വയംത്യജിച്ച്‌ ബലിയായിത്തീരുകയും ഉയിര്‍പ്പിലൂടെ രക്ഷയുടെ സന്ദേശം നല്‍കുകയും ചെയ്ത ക്രിസ്തുവിന്റെ ജീവിതം പിന്തുടരുന്നതിനുള്ള സന്ദേശവും വിളിയുമാണ്‌ പൗരോഹിത്യം. ഇന്ത്യ ശാസ്ത്ര-സാങ്കേതിക-വ്യാവസായിക മേഖലകളില്‍ ഏറെ മുന്നിലാണെങ്കിലും ഉള്ളവനും ഇല്ലാത്തവനും എന്ന തരത്തിലും ഭാഷ-ജാതി-വര്‍ഗം എന്നീ നിലകളിലും വേര്‍തിരിവ്‌ ഏറെയാണെന്ന്‌ കാതോലിക്കാ ബാവ പറഞ്ഞു. ദയാദാക്ഷിണ്യമില്ലാത്ത ഭീകരാക്രമണങ്ങള്‍ക്കും ഇന്ത്യ വിധേയമായിക്കൊണ്ടിരിക്കുന്നു. സാമൂഹ്യമായ ഇത്തരം തിന്മകളെ സുവിശേഷത്തിന്റെ അന്തഃസത്തയിലൂടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശത്തിലൂടെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഹിതന്മാരില്‍ നിന്നുണ്ടാകണം. വൈവിധ്യങ്ങളുടേതായ രാജ്യത്ത്‌ ഏകത്വം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുവാനാകണം. മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം ഇന്ത്യയുടെ വിവിധ സംസ്കാരങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ആകണമെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു. പുരോഹിതന്‍മാരുടെ ദൗത്യത്തെക്കുറിച്ച്‌ സഭ പഠിപ്പിക്കുന്നതിനെ സംശയദൃഷ്ടിയോടെ സമീപിക്കുന്ന ലേഖനങ്ങള്‍ ചില പുരോഹിതന്‍മാരായ തിയോളജിയന്‍മാരില്‍ നിന്നുണ്ടായി വരുന്നുവെന്നത്‌ അതിശയകരമാണെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നട ത്തിയ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. സഭയുടെ നേരേ ഒരു കാലത്ത്‌ ഉയര്‍ന്നു വന്ന പാഷണ്ഡത കത്തോലിക്കാ തിയോളജിയന്‍മാരെന്നു ഭാവിക്കുന്ന ചിലര്‍ വഴി തിരിച്ചു വിടാനുള്ള ശ്രമം നടത്തുന്നുവെന്നാണ്‌ തനിക്ക്‌ മനസിലാകുന്നത്‌. ക്രിസ്തുവിന്റെ ഉയിര്‍പ്പിനെയും അമലോത്ഭവ മാതാവിനെയും സംശയത്തോടെ കാണുന്ന ലേഖനങ്ങളും കണ്ടുവരുന്നുണ്ടെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്റെ അടിസ്ഥാനത്തില്‍ സഭാ പ്രബോധനങ്ങളില്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ സഭയുടെ അതേ കാഴ്ചപ്പാടായിരിക്കണം പൗരോഹിത്യത്തെക്കുറിച്ചുമുണ്ടാകേണ്ടത്‌.സഭയുടെ പഠിപ്പിക്കലിനൊപ്പമായിരിക്കണം വൈദികരുടെ പ്രബോധനങ്ങളും - അദ്ദേഹം വ്യക്തമാക്കി. സിഎംഐ സഭാ പ്രിയോര്‍ ജനറല്‍ ഫാ.ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, ഡോ.ജാന്‍സി ജയിംസ്‌ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ സെമിനാര്‍ ഇന്ന്‌ സമാപിക്കും.