Tuesday, February 23, 2010

പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനം പ്രതിഷേധാര്‍ഹം: കാത്തലിക്‌ ഫെഡറേഷന്‍

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട്‌ താലൂക്കുകള്‍ പരിസ്ഥിതി പ്രധാന മേഖലകളായി പ്രഖ്യാപിക്കുമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിക്കു നല്‍കിയ റിപ്പോര്‍ട്ട്‌ കര്‍ഷകദ്രോഹപരവും പ്രതിഷേധാര്‍ഹവുമാണെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം കുറ്റപ്പെടുത്തി. കുടിയേറ്റ കര്‍ഷകര്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ്‌ ഈ മൂന്നു താലൂക്കുകളും. കേരളത്തിലെ ഏറ്റവും വലിയ പ്ലാന്റേഷന്‍ മേഖലയും ഇതുതന്നെയാണ്‌. 2005ല്‍ പാസാക്കിയ നിയമം അനുസരിച്ച്‌ കാപ്പി, തേയില, റബര്‍, തെങ്ങ്‌, കശുമാവ്‌ എന്നിവ കൃഷി ചെയ്യുന്ന ഭൂമി പരിതസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യാപിക്കാന്‍ സാധിക്കുകയില്ല. മലയോര കര്‍ഷകരെ ദ്രോഹിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഏതു നീക്കത്തെയും സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന്‌ ശക്തിയുദ്ധം നേരിടുന്നതിന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ തീരുമാനിച്ചു. കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ അഡ്വ. പി.പി ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ. ഡോ. മാണി പുതിയിടം, റവ. ഡോ. ടോം കുന്നുംപുറം, ഹെന്റി ജോണ്‍, അഡ്വ. ജോര്‍ജ്‌ വര്‍ഗീസ്‌, കെ.സി ആന്റണി, ബിനോയ്‌ ആച്ചോത്ത്‌, പ്രഫ. ലീനാ ജോസ്‌ ടി. എന്നിവര്‍ പ്രസംഗിച്ചു.