വാക്കും പ്രവൃത്തിയും ഒന്നാകുമ്പോള്‍ അവിടെ ദൈവസാന്നിധ്യമുണ്ടാകുന്നു. ആ സാന്നിധ്യത്തില്‍ എല്ലാം പവിത്രവും ജീവസുറ്റതുമാകുന്നു. വചനം മാംസമാകുന്നു എന്ന വിശുദ്ധ വചനം സാര്‍ഥകമാകുന്നത് അപ്പോഴാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം. ഇതിന്റെ ചൈതന്യവത്തായ മാതൃകയാണ് വൃക്ക രോഗികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ. ഡേവിസ് ചിറമ്മേലിന്റേത്. കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണ്. അത് പ്രാവര്‍ത്തികമാക്കാന്‍ പ്രയാസവും. ത്യജിക്കുവാനുള്ള മനസുണ്ടാകുമ്പോഴാണ് വാക്ക് പ്രവര്‍ത്തിയായി പരിണമിക്കുന്നത്. വൃക്കരോഗം ബാധിച്ച് വിഷമിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിനും അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി അവരുടെ മനസിന്റെ നന്മകള്‍ ഉണര്‍ത്തി അത് പ്രയോജനപ്പെടുത്താനും ചിറമേല്‍ നടത്തിയ കാരുണ്യയാത്ര പവിത്രമായി തീരുന്നത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. ഫാ.ഡേവിസ് ചിറമേല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ മാനവ കാരുണ്യയാത്രയുടെ സമാപന സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ ത്യാഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നതിനിടയില്‍ കാഷ്ടപ്പാടിന്റേയും ദുരിതങ്ങളുടേയും നൂറു നൂറ് മുഖങ്ങളെയാണ് തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് ഫാ.ചിറമ്മേല്‍ പറഞ്ഞു. രാത്രി താന്‍ വിശ്രമിച്ചത് വൃക്കരോഗികളുടെ വീടുകളിലായിരുന്നു. ഒരു വീട്ടിലും ആനന്ദമില്ല. എവിടേയും ടി.വി.പ്രവര്‍ ത്തിപ്പിക്കുന്നില്ല. എവിടേയും അവര്‍ പോകുന്നില്ല. കണ്ണീരിന്റേയും ഒടുങ്ങാത്ത സങ്കടങ്ങളുടേയും തുരുത്തുകളാണ് ഓരോ വീടും. ചികില്‍സാ ചെലവിന് കാശില്ലാതെ മരണത്തിലേക്ക് സ്വമേധയാ നടന്നടുക്കുന്നവരെ കണ്ടു. രോഗം ബാധിച്ച കുട്ടികളെ മടിയില്‍ കിടത്തി നിലവിളിക്കുന്നവരെ കണ്ടു. യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നതിന് മുമ്പ് അവരില്‍ പലരും മരിച്ചു എന്ന വാര്‍ത്തയും കേട്ടു. സങ്കടങ്ങളുടെ ഒരു മഹാസാഗരം കടന്നാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാലുമാസം മുമ്പ് ഗോപിനാഥ് എന്നു പറയുന്നൊരാളിന് ഒരു വൃക്ക ദാനം ചെയ്തയാളാണ് ഞാന്‍. അതിന്റെ പേരില്‍ തനിക്ക് ഒരുവിധ ശാരീരിക പ്രശ്നങ്ങളുമില്ല. എന്നല്ല അനിര്‍വചനീയമായ സന്തോഷവും ഉണ്ട്. ദൈവം തനിക്ക് ജീവന്‍ തരുമ്പോള്‍ തന്റെ ദൗത്യവും നിര്‍ണയിച്ചിട്ടുണ്ടാകും. അത് സന്തോഷപൂര്‍വം ചെയ്തു എന്നുമാത്രം. ത്യജിക്കുവാനുള്ള സന്നദ്ധതയേയാണ് ത്യാഗം എന്നു പറയുന്നത്. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നമുക്കുള്ളത് ത്യജിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അര്‍ഥമുണ്ടാകുന്നത്. യാത്രയില്‍ വൃക്ക രോഗത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ജനത്തെ ബോധവാന്മാരാക്കാന്‍ കഴിഞ്ഞു. അതോടൊപ്പം രോഗം ബാധിച്ച് ദുഖിക്കുന്നവര്‍ സമൂഹത്തിന്റെ നിറഞ്ഞ സഹായം ആവശ്യപ്പെടുന്നു എന്ന് ബോധ്യമാക്കാനുമായി. യാത്രയില്‍ അറുപതു പേര്‍ വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്നത് സമൂഹത്തില്‍ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും ഉറവ ഇനിയും വറ്റിയിട്ടില്ലെന്ന വലിയ അറിവ് തനിക്ക് പകര്‍ന്നു കിട്ടാനും ഇടയാക്കിയെ ന്ന് അദ്ദേഹം പറഞ്ഞു. ജലം നീരാവിയായി പോകുമ്പോള്‍ കടല്‍ സങ്കടപ്പെടുന്നതേയില്ല. കാരണം അത് കാരുണ്യത്തിന്റെ മഴയായി തിരിച്ചുവരുമെന്ന് കടലിനറിയാം. ഇങ്ങനെ എല്ലാത്യാഗങ്ങള്‍ക്കും ആത്മനിര്‍വൃതി പകരുന്നൊരു ഫലശ്രുതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനം ഗായകന്‍ കെ.ജെ യേശുദാസ് ഭദ്രദീപം കൊ ളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സ്വാമി ഡോ.ലോകഹിതാനന്ദ, സൂര്യാകൃഷ്ണമൂര്‍ത്തി, ജേക്കബ് മണ്ണപ്രയില്‍ കോര്‍ എപ്പിസ്കോപ്പ, ഡോ.കാശിവിശ്വേശ്വരന്‍, ഡോ.ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.