ഇന്ത്യയിലെ കത്തോലി ക്കാ മെത്രാന്‍ സം ഘം (സിബിസിഐ) പ്രസിഡന്റായി മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലി ക്കാബാവയാണ് ഒന്നാം വൈസ് പ്രസിഡന്റ്. രണ്ടാം വൈസ് പ്രസിഡന്റായി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെയും തെരഞ്ഞെടു ത്തു. സെക്രട്ടറി ജനറലിന്റെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗോഹട്ടിയില്‍ നടക്കുന്ന സിബിസിഐയുടെ 29-ാം ജനറല്‍ ബോഡി മീറ്റിംഗിനിടയില്‍ ഇന്നലെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പിന്‍ഗാമിയായി ചുമതലയേല്‍ക്കുന്ന ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിലവില്‍ ഒന്നാം വൈസ് പ്രസിഡന്റായിരുന്നു. സിബിസിഐയുടെ രണ്ടാം വൈസ് പ്രസിഡന്റായിരുന്നു മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ജെര്‍വിസ്- ഓട്്സ്വിന്താ ദമ്പതികളുടെ മകനായി 1944ല്‍ മുംബൈയിലെ മാഹിമിലാണ് കര്‍ദിനാല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ജനിച്ചത്. 1970 ഡിസംബര്‍ 20ന് പൗരോഹിത്യം സ്വീകരിച്ചു.1997 ജൂണ്‍ 28ന് മുംബൈ അതിരൂപത സഹായമെത്രാനും 2000 സെപ്റ്റംബര്‍ ഏഴിന് ആഗ്രാ ആര്‍ച്ച്ബിഷപ്പുമായി നിയമിതനായി. 2006 ഒക്്ടോബര്‍ 16ന് മുംബൈ ആര്‍ച്ച്ബിഷപ്പായി നിയമിതനായ അദ്ദേഹത്തെ 2007 നവംബര്‍ 24ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തി.
മല്ലപ്പള്ളി തോട്ടുങ്കല്‍ ടി.എം മാത്യു-അന്നമ്മ ദമ്പതികളുടെ മകനായി 1959 ജൂണ്‍ 15ന് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ജനിച്ചു. 1986 ജൂണ്‍ 11ന് പൗരോഹിത്യം സ്വീകരിച്ചു. 1988ല്‍ ബാംഗളൂര്‍ ധര്‍മാരാം കോളജില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1997ല്‍ റോമില്‍ നിന്ന് എക്യുമിനിസത്തില്‍ ഡോക്ടറേറ്റ് നേടി. 2001 ഓഗസ്റ്റ് 15ന് തിരുവന ന്തപുരം അതിരൂപതാ സഹായ മെത്രാനായും വടക്കെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ അപ്പസ്തോലിക് വിസിറ്ററായും 2003 സെപ്റ്റംബര്‍ 11 ന് തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ്പായും നിയമിതനായി. സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്കാബാവയുടെ ദേഹവിയോഗത്തെത്തുടര്‍ന്ന് 2007 ഫെബ്രുവരി 10ന് സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ്പാ യും തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ്പായും അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു.
എറണാകുളം ജില്ലയില്‍ തഴുവംകുന്നില്‍ പുന്നക്കോട്ടില്‍ ജോസഫ്-മര്‍ത്ത ദമ്പതികളുടെ മകനായി 1936 സെപ്റ്റംബര്‍ 13ന് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ജനിച്ചു. 1961 ഒക്്ടോബര്‍ 18ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഗ്രിഗോരിയന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്്ടറേറ്റ് നേടിയ അദ്ദേഹം 1968ല്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ അധ്യാപകനായി. മാര്‍ മാത്യു പോത്തനാംമൂഴിയുടെ ദേഹവിയോഗത്തെത്തുടര്‍ന്ന് 1977 ഏപ്രില്‍ 24ന് കോതമംഗലം രൂപത ബിഷപ്പായി നിയമിതനായി.