കൊന്തയ്ക്കും കുര്‍ബാന കുപ്പായത്തിനും നികുതി ഇളവ് നല്‍കുമെന്ന സംസ്ഥാന ബജറ്റ് പ്രസംഗം ക്രൈസ്തവരെ കളിയാക്കുന്നതിനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് സിബിസിഐ വൈസ് പ്രസിഡന്റും കോതമംഗലം രൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. മുതലക്കോടത്ത് എകെസിസി രൂപത സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊന്തയും തിരുവസ്ത്രവും അതാത് പ്രദേശത്തെ സന്യാസിനികളും വിശ്വാസികളും കൈത്തൊഴിലായി നിര്‍മിക്കുന്നതാണ്. ഇതിന് നികുതിയിളവ് പ്രഖ്യാപിച്ച ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പ്രസക്തിയെന്താണെന്നും ബിഷപ് ചോദിച്ചു. സാക്ഷര കേരളത്തിന്റെ പുരോഗതിയ്ക്ക് 19 ശതമാനം വരുന്ന ക്രൈസ്തവരാണ് നിര്‍ണായക പങ്ക് വഹിച്ചത്. അമേരിക്കന്‍ നിലവാരമുള്ള ചികിത്സാ സൗകര്യം കേരളത്തിലും സാധ്യമാക്കിയത് ക്രൈസ്തവരാണ്. ക്രൈസ്തവരെ ഒറ്റപ്പെടുത്താനും അവഗണിക്കാനും സര്‍ക്കാര്‍ ഇത്രയും വ്യഗ്രത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ബിഷപ് പറഞ്ഞു. രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്ത സംഗമം എകെസിസി സംസ്ഥാന പ്രസിഡന്റ് ജോസഫ് മണ്ണിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്ന് പാരിസ്ഥിതിക പ്രശ്നമുയര്‍ത്തി കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമാഫിയയെ രക്ഷിക്കാന്‍ കര്‍ഷകരെ സര്‍ക്കാര്‍ ബലിയാടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷററും രൂപത പ്രസിഡന്റുമാരായ അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ഓലിയപ്പുറം, ജിബോയിച്ചന്‍ വടക്കന്‍, ഫാ. ജോസഫ് കോയിക്കക്കുടി, സിസ്റ്റര്‍ ഗ്ലാഡി, എം. മാത്തപ്പന്‍, സിസ്റ്റര്‍ മേഴ്സി കുര്യന്‍, ജോസുകുട്ടി മാടപ്പിള്ളില്‍, റോയ്സണ്‍ കുഴിഞ്ഞാലില്‍, ഡോ. ലിസി ജോസ്, ഷാജി ഓലിക്കല്‍, ടോമി തുരുത്തിക്കര എന്നിവര്‍ പ്രസംഗിച്ചു. സിബിസിഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന് സംഗമത്തില്‍ സ്വീകരണം നല്‍കി. സ‘യില്‍ അത്മായരുടെ വിളിയും ദൗത്യവും എന്ന വിഷയത്തില്‍ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ടും സ‘യും അത്മായ നേതൃത്വത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ റവ. ഡോ. ജോര്‍ജ് ഓലിയപ്പുറവും ക്ലാസ് നയിച്ചു. പത്രപ്രവര്‍ത്തകന്‍ ടി.സി മാത്യു, പ്രഫ. ജോസുകുട്ടി ഒഴുകയില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. എകെസിസി പ്രവര്‍ത്തന രൂപരേഖ മാത്യു ജെ. ചാലില്‍ അവതരിപ്പിച്ചു.