Tuesday, March 9, 2010

സാമൂഹ്യ രംഗത്തേക്ക്‌ സ്ത്രീകളുടെ കടന്നുവരവ്‌ കൂടുതല്‍ ഉള്‍വെളിച്ചം പകരും: മാര്‍ തോമസ്‌ ചക്യത്ത്‌

സാമൂഹിക സാംസ്ക്കാരിക രംഗത്തേക്ക്‌ സ്ത്രീകള്‍ കൂടുതല്‍ കടന്നുവരുന്നതിലൂടെ ആ മേഖലകളില്‍ അഴിമതിയും അനീതിയും ഒഴിവാക്കി പുതിയ ഉള്‍വെളിച്ചം പകരാനാവുമെന്ന്‌ എറണാകുളം- അങ്കമാലി സഹായ മെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌. വെല്‍ഫയര്‍ സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ആഗോളതാപനത്തിനെതിരെ വീട്ടമ്മമാര്‍ എന്ന പദ്ധതിയുടെ എറാണാകുളം അതിരൂപതാ തല ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ അതിരൂപതയിലെ എല്ലാ ദേവാലയ മുറ്റങ്ങിലും വീട്ടുമുറ്റങ്ങളിലും മരങ്ങള്‍ വളര്‍ത്തുന്നതിനുള്ള പദ്ധതി തയാറാക്കിവരുന്നതായും അദ്ദേഹം അറിയിച്ചു. വീട്ടമ്മമാര്‍ക്കുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. റവ. ഡോ.പോള്‍ തേനായന്‍ അധ്യക്ഷത വഹിച്ചു. ഭാരത്മാതാ കോളജ്‌ പ്രിന്‍സിപ്പല്‍ പ്രഫ. ലാലിയമ്മ ജോസ്‌ വനിതാദിന സന്ദേശം നല്‍കി. സ്ത്രീ ശാക്തീകരണം എന്നാല്‍ പുരുഷന്മാരോടുള്ള മത്സരം എന്നല്ല അര്‍ഥമാക്കേണ്ടതെന്ന്‌ അവര്‍ പറഞ്ഞു. എറണാകുളം- അങ്കമാലി അതിരൂപത യുവജന കോ-ഓര്‍ഡിനേറ്റര്‍ സി. ജ്യോത്സ്ന, വെല്‍ഫയര്‍ സര്‍വീസസ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, വെസ്കോ ക്രെഡിറ്റ്‌ ജനറല്‍ മാനേജര്‍ ജോസ്്‌ സെബാസ്റ്റ്യന്‍, റീജ്യണല്‍ ഓഫീസര്‍ എത്സി ആന്റണി എന്നിവര്‍ സംസാരിച്ചു.