Wednesday, March 17, 2010

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗരേഖ പ്രകാശനം ചെയ്തു

‘വിശ്വാസം ജീവന്റെ സംരക്ഷണത്തിനും സമ്പൂര്‍ണതയ്ക്കും’ എന്ന വിഷയത്തില്‍ ഓഗസ്റ്റ്‌ 20 മുതല്‍ 22 വരെ സമ്മേളിക്കുന്ന മൂന്നാമത്‌ സീറോ മ ലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്കായുള്ള മാര്‍ഗരേഖ പുറത്തിറക്കി. കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തലശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റത്തിന്‌ കോപ്പി നല്‍കിയാണ്‌ മാര്‍ഗരേഖ പുറത്തിറക്കിയത്‌. ആര്‍ച്ച്‌ ബിഷപ്പുമാരായ മാര്‍ ജോസഫ്‌ പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവരും ബിഷപ്പുമാരായ മാര്‍ ജോ സഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ ബോസ്കോ പുത്തൂര്‍, കൂരിയാ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ എന്നിവരും പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാനോനിക സഭാസമ്മേളനമാണ്‌ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ അസംബ്ലി. 1998ലും,2004-ലുമാണ്‌ മുന്‍പ്‌ അസംബ്ലി നടന്നത്‌. 36 ലക്ഷം വിശ്വാസികളുള്ള സീറോമലബാര്‍ സമൂഹത്തിലെ 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സഭയുടെ 46 മെത്രാന്മാരും, 9,000 വൈദികരുടേയും 41,836 സന്യസ്തരുടേയും പ്രതിനിധികളും അസംബ്ലിയില്‍ പങ്കെടുക്കും. സീറോമലബാര്‍ സഭയിലെ അല്‍മായരും വൈദികരും സന്യസ്തരുമടങ്ങുന്ന 15 അംഗ വിദഗ്ധ സമിതിയാണു രൂപരേഖ തയാറാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശം നല്‍കിയത്‌. ഫാ. ജോസഫ്‌ തൊണ്ടിപറമ്പില്‍, ഫാ. മാത്യു ഇല്ലത്തുപറമ്പില്‍, ഫാ. പോള്‍ തേലക്കാട്ട്‌, പ്രഫ. ലീനാ ജോസ്‌.ടി , പ്രഫ. കെ.എം. ഫ്രാന്‍സിസ്‌ എന്നിവരടങ്ങിയ അഞ്ചംഗ സമിതിയാണു കരടു തയാറാക്കിയത്‌. മാര്‍ഗരേഖ എല്ലാ വിശ്വാസികളുടെയും പഠനത്തിനും ,അഭിപ്രായത്തിനുമായി സമര്‍പ്പിക്കും. എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ കണ്‍വീനറായും, മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ അംഗങ്ങളായും, ഫാ. ജെസ്റ്റിന്‍ വെട്ടുകല്ലേല്‍ സെക്രട്ടറിയായും ഫാ. ജയിംസ്‌ കല്ലുങ്കല്‍ ജോയിന്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന പത്തംഗ കമ്മിറ്റിയാണ്‌ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ നടത്തിപ്പിനു നേതൃത്വം നല്‍കുന്നത്‌.