Tuesday, March 23, 2010

നീതിബോധമുള്ളവരായി ജീവിക്കുക: ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

ജീവിത വിശുദ്ധിക്ക്‌ ശാന്തിയും സമാധാനവും കാരുണ്യവും അനിവാര്യമാണെന്ന്‌ വരാപ്പുഴ അതിരൂപത നിയുക്ത മെത്രാപ്പോലീത്ത ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍. ഫോര്‍ട്ട്കൊച്ചി വിശുദ്ധ ജോണ്‍ വിയാനി നഗറില്‍ നടന്നുവരുന്ന വചനവിസ്മയം-2010 സായാഹ്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ ദിവ്യബലി അര്‍പ്പിച്ച്‌ പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. യേശുദേവന്റെ നിര്‍മലമായ പാത പിന്തുടര്‍ന്നുകൊണ്ട്‌ നീതിബോധമുള്ളവരായി ജീവിക്കണമെന്നും മെത്രാപ്പോലീത്ത ആയിരക്കണക്കിന്‌ വരുന്ന വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ഫാ. നെല്‍സണ്‍ ജോബ്‌ കളപ്പുരക്കല്‍ കണ്‍വന്‍ഷനില്‍ വചനപ്രഘോഷണം നടത്തി. റവ.ഡോ. ജോസി കണ്ടനാട്ടുതറ, ഫാ. ജോണ്‍സണ്‍ ചിറമേല്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോസഫ്‌ മാക്കോതകത്ത്‌, ഫാ. മാര്‍ട്ടിന്‍ ഡിലീഷ്യസ്‌, ഫാ. ആന്റണി വലിയവീട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ അരോജ്‌ എന്നിവര്‍ ദിവ്യബലിക്ക്‌ സഹകാര്‍മികത്വം വഹിച്ചു. മൂന്നാംദിവസമായ ഇന്ന്‌ വൈകുന്നേരം അഞ്ചിന്‌ നടക്കുന്ന ദിവ്യബലിക്ക്‌ എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഷാജി തുമ്പച്ചിറയില്‍ വചനപ്രഘോഷണം നടത്തും. ഫാ. ജോഷി മയ്യാറ്റില്‍ ആന്തരിക സൗഖ്യശുശ്രൂഷ നടത്തും.