മതസ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കി രാഷ്ട്രീയവത്കരിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമം സ്വീകാര്യമല്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. നിരീശ്വരവാദ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മത-ധര്‍മ സ്ഥാപനങ്ങളെയും ഈശ്വരവിശ്വാസികളെയും പീഡിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഭരണപരിഷ്കാരങ്ങളിലൂടെ ദൈവവിശ്വാസം ഉന്മൂലനം ചെയ്യാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. മതവിശ്വാസത്തെയും ഈശ്വരവിശ്വാസികളെയും ബാധിക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തുമ്പോള്‍ മതനേതാക്കളോടും വിശ്വാസികളുടെ പ്രതിനിധികളോടും ആലോചിച്ചും അവരെ വിശ്വാസത്തിലെടുത്തും സമവായം ഉണ്ടാക്കുവാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും കെസിബിസി നിര്‍ദേശിച്ചു. ഹൈന്ദവ സഹോദരങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തിയും അവരുടെ നേതാക്കളുമായി ആലോചിക്കാതെയുമാണ് പുതിയ ദേവസ്വം ബില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അത് ഉചിതമല്ല. പുതിയ നിയമങ്ങളിലൂടെ വിശ്വാസ പ്രമാണങ്ങളെയും ആരാധനാ സമ്പ്രദായങ്ങളെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ന്യായീകരിക്കാനാവില്ല. ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ളതനുസരിച്ച് ഈശ്വരവിശ്വാസികളെ ബാധിക്കുന്ന നിയമങ്ങള്‍ നിര്‍മിക്കാനും നടപ്പാക്കാനും ദൈവവിശ്വാസികള്‍ക്കും ആത്മീയ നേതൃത്വത്തിനുമാണ് അവകാശമുള്ളതെന്ന് കെസിബിസി പ്രസിഡന്റ് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.