മരിക്കുമ്പോള്‍ റീത്തുവയ്ക്കാനും വിവാഹത്തിന് ബൊക്കെ നല്‍കാനുമല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് നിയമസഭയിലേക്കും ലോകസഭയിലേക്കും അയയ്ക്കുന്നതെന്ന് ഇടുക്കി രൂപത ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ആത്മഹത്യ ചെയ്താല്‍ 50000 രൂപ കിട്ടും. ഇതിനുവേണ്ടിയാണ് നമ്മള്‍ ഇവിടെ ജീവിക്കുന്നതെന്ന വിചാരമാണ് രാഷ്ട്രീയക്കാര്‍ക്ക്. അങ്ങനെ ഒരു ജീവിതം ഇനിയും നമുക്കു വേണ്ടെന്ന് കുടിയേറ്റ കര്‍ഷകന്റെ രണ്ടാംതലമുറയിലെ അംഗംകൂടിയായ ബിഷപ് പറഞ്ഞു. കുടിയേറ്റകാലത്ത് പനയുടെ നൂറ് ഇടിച്ചെടുത്ത് അടയുണ്ടാക്കി കഴിച്ച് വിശപ്പടക്കിയ ഗതകാലത്തേക്ക് ബിഷപ്പിന്റെ ഓര്‍മ പെട്ടന്ന് പോയപ്പോള്‍ ബിഷപ്പിന്റേതടക്കം പലരുടേയും കണ്ഠം ഇടറുകയും കണ്ണുകള്‍ നിറയുകയും ചെയ്തു. കൊടിയ പട്ടിണിയും രോഗവും ദുരിതവും മാത്രം നിറഞ്ഞിരുന്ന ഒരു കാലഘട്ടത്തില്‍ വിശപ്പടക്കാന്‍ ധാന്യം വിളയിക്കാന്‍ അരവയര്‍ നിറച്ച് തൃപ്തിയടഞ്ഞവരെ കാട്ടുകള്ളന്മാരായി ആക്ഷേപിക്കുന്ന നവീന സര്‍ക്കാരുകളുടെ നടപടി പൊറുപ്പിക്കാനാകില്ല. ജില്ലയുടെ ഭൂമിശാസ്ത്രം ചോദിച്ചപ്പോള്‍ വിസ്തീര്‍ണം അറിയാമെന്നുപറഞ്ഞ ജില്ലാ ഭരണാധികാരിയേയും ബിഷപ് പരിഹസിച്ചു. വാച്ചുനോക്കാന്‍ അറിയാത്ത ബംഗാളിലെ കുട്ടികളല്ല ഇവിടെയുള്ളത്. ജില്ലയുടെ വിസ്തീര്‍ണം ഇവിടുത്തെ സ്കൂള്‍ കുട്ടികള്‍ക്കുപോലുമറിയാം. ജില്ലയുടെ കൈവശഭൂമിയും റവന്യുഭൂമിയും വനഭൂമിയും എത്രയെന്ന് അറിയാത്ത ജില്ലാ ഭരണകൂടം കൈയേറ്റത്തേക്കുറിച്ച് കൂകിവിളിക്കുന്നതിലെ ആത്മാര്‍ഥതയേയും ബിഷപ് ചോദ്യംചെയ്തു. ജില്ലയില്‍ കൈയേറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയുണ്ട്. ഇവിടെ പ്രകടനം നടത്തിയ കാല്‍ലക്ഷം പേരില്‍ ഒരാളെങ്കിലും കൈയേറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടാന്‍ ഒരു സര്‍ക്കാരിനും ആകില്ലെന്നും ബിഷപ് പറഞ്ഞു.