Saturday, March 13, 2010

ജീവന്‍മരണ സമരത്തിനായുള്ള കാഹളം മുഴങ്ങി: മാര്‍ മാത്യു അറയ്ക്കല്‍

ഹൈറേഞ്ചിലെ മനുഷ്യരുടെ ജീവന്‍മരണ പോരാട്ടത്തിനുള്ള കാഹളം മുഴങ്ങിയതായി മാര്‍ മാത്യു അറയ്ക്കല്‍. കുടിയേറ്റ കര്‍ഷകരുടെ അവസാന ആശ്വാസശബ്ദമാണ്‌ ഇപ്പോള്‍ മുഴങ്ങുന്നത്‌. മൂന്നാറില്‍ ഇടിച്ചുപൊളിച്ചത്‌ മാന്യതയല്ല, കാടത്തമാണ്‌. അനധികൃതമെന്ന്‌ കണ്ടാല്‍ സര്‍ക്കാര്‍ മുതല്‍കൂട്ടണം. ഇടിച്ചുപൊളിച്ച കെട്ടിടങ്ങള്‍ യഥാര്‍ഥ പട്ടയസ്ഥലത്തും നിയമാനുസൃതവുമാണെന്ന്‌ തെളിഞ്ഞാല്‍ കോടികള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഇങ്ങനെ സംഭവിച്ചാല്‍ നമ്മള്‍ നല്‍കുന്ന നികുതിപണം നഷ്ടപരിഹാരമായി നല്‍കി സംസ്ഥാനം കുത്തുപാളയെടുക്കും. മൂന്നാര്‍ കൈയേറ്റവും ഹൈറേഞ്ചിലെ കുടിയേറ്റവും തമ്മില്‍ ബന്ധിപ്പിച്ച്‌ യഥാര്‍ഥ കര്‍ഷകരെ ദ്രോഹിക്കുന്നത്‌ അനുവദിക്കാനാകില്ല. ഇവിടെ എത്രയോ പട്ടയമേളകള്‍ നടന്നു. പട്ടയമേളകള്‍ നടത്തിയവരൊക്കെ ഇപ്പോള്‍ മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്‌. പട്ടയം എന്നെഴുതിയ കടലാസല്ല നമുക്ക്‌ വേണ്ടത്‌. പൂര്‍ണ അവകാശത്തോടുകൂടിയ ഭൂമിയുടെ രേഖയാണ്‌. ഉപാധികളോടെയുള്ള പട്ടയങ്ങള്‍ തിരസ്കരിക്കും.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ കാട്ടുന്ന താത്പര്യം കേരളത്തിലെ രാഷ്ട്രീയക്കാര്‍ കണ്ടുപഠിക്കണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ ആവശ്യപ്പെട്ടു.