ദൈവം മനുഷ്യനായി അവതരിച്ചത് മനുഷ്യരെ ദൈവികരാക്കുന്നതിനു വേണ്ടിയാണെന്നും ഓരോ മനുഷ്യനും ദൈവത്തിന്റെ ഈ രക്ഷാകര പ്രവര്‍ത്തനത്തില്‍ എക്കാലവും വ്യാപൃതരാകണമെന്നും കെ.സി.ബി.സി. പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. കെ.സി.ബി.സി.യുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി. ഈ വര്‍ഷം സംഘടിപ്പിച്ച വിവിധ കോഴ്സുകളിലെ വിജയിക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ദൈവശാസ്ത്ര, മനഃശാസ്ത്ര കോഴ്സുകളുടെയെല്ലാം ലക്ഷ്യം മനുഷ്യരിലുള്ള സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മേഖലകള്‍ വിശാലമാക്കുകയെന്നതാണ്. സാമൂഹിക വിമോചനവും, ദൈവവിശ്വാസവും ഉള്‍ച്ചേര്‍ന്ന പ്രത്യയശാസ്ത്രങ്ങളുടെ യഥാവിധിയുള്ള പഠനം തീര്‍ച്ചയായും നമുക്കു ചുറ്റും ജീവിക്കുന്നവരിലേക്ക് നന്മയുടെ പ്രകാശം പരത്താന്‍ മനുഷ്യരെ സഹായിക്കുക തന്നെ ചെയ്യും - ബിഷപ് പറഞ്ഞു. സ്വയം നന്നാവുക മാത്രമല്ല, ആ സ്വയംബോധ്യങ്ങള്‍ നല്‍കുന്ന ഹൃദയതുറവിയിലൂടെ അനേകരെ ദൈവത്തിലേയ്ക്ക് നയിക്കാന്‍ പി.ഒ.സി. സംഘടിപ്പിച്ചിട്ടുള്ള കോഴ്സുകള്‍ പ്രയോജനപ്പെട്ടതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നായി കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. റവ. ഡോ. മരിയാന്‍ അറയ്ക്കല്‍ (പ്രീഫെക്ട് ഓഫ് സ്റ്റഡീസ്), റവ. ഡോ. സ്റ്റീഫന്‍ ആലത്തറ (ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, കെ.സി.ബി.സി.), റവ. ഡോ. ജേക്കബ് പ്രസാദ് (പ്രസിഡന്റ്, സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ആലുവ), മിസ് ഷിനി മോള്‍, ടോം സിറിയക് എന്നിവര്‍ പ്രസംഗിച്ചു.