Monday, March 15, 2010

പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌ വലുതാകാനുള്ള ശ്രമം: ഡോ. സൂസപാക്യം

വലുതാകാന്‍ ശ്രമിക്കുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്നും ചെറുതാകുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമെന്നും തിരുവനന്തപുരം അതിരൂപത ആര്‍ച്ചുബിഷപ്‌ ഡോ. സൂസ പാക്യം. അനന്തപുരി ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപന ദിനമായ ഇന്നലെ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രശ്്നങ്ങള്‍ക്കും ഒരു പരിഹാരമേയുള്ളൂ; യേശു. എങ്ങനെ ചെറുതാകണം എന്നു കാണിക്കാനാണ്‌ യേശു ലോകത്തിലേക്ക്്‌ വന്നത്‌. തന്നത്താന്‍ താഴ്ത്തപ്പെടുന്നവന്‍ ദൈവത്താല്‍ ഉയര്‍ത്തപ്പെടും എന്നും തന്നത്താന്‍ ഉയര്‍ത്തപ്പെടുത്തവന്‍ താഴ്ത്തപ്പെടും എന്നുമാണ്‌ വചനം. കുരിശു മരണം വരെ അനുസരണയുള്ളവനായി യേശു തന്നെത്തന്നെ താഴ്ത്തി. വിശുദ്ധ പൗലോസ്‌ പറയുന്നത്‌ യേശുവിന്റെ മനോഭാവം നമ്മിലും ഉണ്ടാവണം എന്നാണ്‌. യേശുവിന്റെ മനോഭാവം എത്രമാത്രം നമുക്കുണ്ടോ അത്രയും നമുക്ക്‌ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിയും. ജീവിതം സേവനം ആണെന്ന്‌ യേശു പഠിപ്പിക്കുന്നു. ഇതു നാം മനസിലാക്കിയാല്‍ അധികാരത്തിനുള്ള വടംവലി ഇല്ലാതാകും. ചെറുതാകാന്‍ വിഷമം ഉണ്ടാവുകയുമില്ല. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടേയും ശുശ്രൂഷകന്‍ ആയിരിക്കണം എന്ന്‌ യേശു പറയുന്നു. ആ മാതൃക ശിഷ്യരുടെ കാലുകള്‍ കഴുകി തുടച്ചുകൊണ്ട്‌ അവിടുന്ന്‌ കാണിച്ചു തരികയും ചെയ്തു. തന്റെ ഈ മാതൃക പിന്തുടരാന്‍ യേശു ശിഷ്യരോടു പറയുന്നു. ചെറുതാകാന്‍ വളരെ പ്രയാസമാണ്‌. അതിന്‌ നാം ഏറെ വളരേണ്ടതുണ്ടെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. നമ്മുടെ എല്ലാ വിശപ്പും ശമിപ്പിക്കുന്ന അപ്പമാണ്‌ യേശു എന്ന്്‌ തുടര്‍ന്ന്‌ സന്ദേശം നല്‍കിയ ഫാ.ജോര്‍ജ്്‌ പനയ്ക്കല്‍ പറഞ്ഞു. യേശുവിനെ സ്വീകരിക്കുമ്പോള്‍ ഓരോരുത്തരും ദൈവത്തിന്റെ പുത്രനാണ്‌ എന്ന അനുഭവത്തിലേക്ക്‌ കടന്നുവരുന്നു. ഇതാണ്‌ ക്രിസ്തീയ ആത്മീയതയുടെ ഉള്ളടക്കം എന്നും അദ്ദേഹം പറഞ്ഞു. സമാപനദിനമായ ഇന്നലെ ദിവ്യകാരുണ്യപ്രദക്ഷിണത്തോടെയാണ്‌ തിരുകര്‍മ്മങ്ങള്‍ പൂര്‍ത്തിയായത്‌. സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണച്ച്‌ മെഴുകു തിരികള്‍ കത്തിച്ച്‌ ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ ഉയര്‍ത്തിക്കാട്ടുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ കണ്‍വന്‍ഷന്‍ അവസാനിച്ചത്‌.