കാലത്തിണ്റ്റെ മാറ്റങ്ങള്‍ക്കനുസരിച്ച് അതിരൂപതയുടെ സമഗ്രപുരോഗതിക്ക് വേണ്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍.ആര്‍ച്ച്ബിഷപ്പായി ചുമതലയേറ്റതിനുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വലിയൊരു അതിരൂപതയുടെ സാരഥ്യം ദൈവം എന്നെ ഏല്‍പ്പിച്ചു. അത് ഇരട്ടിയാക്കി കോട്ടപ്പുറം അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. രണ്ടും ദൈവവിശ്വാസത്തെ ആശ്രയിച്ച് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ഇടയന്‍മാര്‍ നേതൃത്വം നല്‍കിയ സ്ഥാനത്തേക്കാണ് തന്നെ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. അവര്‍ തുടങ്ങിവച്ച കാര്യങ്ങള്‍ പലതും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിരൂപതയെ മുന്നേറ്റത്തിലേക്ക് നയിക്കുന്നതിന് ഐക്യം വേണം. ഒറ്റയ്ക്ക് ഒന്നും ചെയ്യനാവില്ല. എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ കൂട്ടായ്മ എന്നും നിലനിര്‍ത്തണം. മുകളിലേക്ക് നോക്കിയല്ല താഴേക്കും വശങ്ങളിലേക്കും നോക്കിയാണ് താന്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിനും ജനങ്ങള്‍ക്കും വേണ്ടി സ്വന്തം പാതയില്‍ നിന്നു വ്യതിചലിക്കാതെയാണ് ജീവിച്ചത്. തുടര്‍ന്നും അതേ നയത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.