Thursday, April 15, 2010

മദ്യത്തിനും ആഡംബരത്തിനുമെതിരേ അണിനിരക്കണം: പാസ്റ്ററല്‍ കൌണ്‍സില്‍

സമൂഹത്തില്‍ വളര്‍ന്നുവരുന്ന മദ്യപാനാസക്തിക്കും ആഡംബരപ്രിയത്തിനുമെതിരേ സഭാംഗങ്ങളെ അണിനിരത്താനും ഈ വിപത്തുകള്‍ക്കെതിരേ പോരാടാനും ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൌണ്‍സില്‍ തീരുമാനിച്ചു. ചങ്ങനാശേരി പാസ്റ്ററല്‍ സെണ്റ്ററില്‍ കൂടിയ യോഗത്തില്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭയുടെ എല്ലാ സംവിധാനങ്ങളും ഈ വിപത്തുകള്‍ക്കെതിരേ ജാഗ്രത പാലിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടം ആഹ്വാനം ചെയ്തു. സര്‍ക്കാര്‍തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ മദ്യപാനത്തിനു മാന്യത നല്‍കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മൃതസംസ്കാരാവസരങ്ങള്‍പോലും ആഘോഷമാക്കുകയും ഈ ആഘോഷാവസരങ്ങളെല്ലാം ആഡംബരത്തിനും ധൂര്‍ത്തിനും മദ്യപാനത്തിനുമുള്ള അവസരങ്ങളാക്കുകയും ചെയ്യുന്ന പ്രവണതയ്ക്ക്‌ മാറ്റംവരുത്താനുള്ള കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യോഗം തീരുമാനിച്ചു. മദ്യസല്‍ക്കാരത്തിനും ആഡംബരങ്ങള്‍ക്കുമായി ധൂര്‍ത്തടിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാന്‍ സഭാംഗങ്ങളെ കൌണ്‍സലിംഗിലൂടെയും ചികിത്സയിലൂടെയും അതില്‍നിന്നു പിന്തിരിപ്പിക്കണമെന്നു യോഗം നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ ന്യൂനപക്ഷവിരുദ്ധ വകുപ്പുകളെക്കുറിച്ച്‌ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഇവ നീക്കിക്കിട്ടാനുള്ള പരിശ്രമങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. സമ്മേളനത്തില്‍ മാര്‍ ജോസഫ്‌ പവ്വത്തില്‍, വികാരിജനറാള്‍മാരായ മോണ്‍. ജോസഫ്‌ കുറിഞ്ഞിപറമ്പില്‍, മോണ്‍. ജോസഫ്‌ നടുവിലേഴം, മോണ്‍. മാത്യു വെള്ളാനിക്കല്‍, ഫാ.ജോസഫ്‌ കൊച്ചുപറമ്പില്‍, ഫാ. ബാബു പുത്തന്‍പുരയ്ക്കല്‍, അഡ്വ.ജോജി ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി തോമസ്‌ സെബാസ്റ്റ്യന്‍ വൈപ്പിശേരി, അസിസ്റ്റണ്റ്റ്‌ സെക്രട്ടറി പ്രഫ. രാജന്‍ കെ. അമ്പൂരി, ഫാ. ടോം പുത്തന്‍കളം, ഫാ. മാത്യു ഓടലാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.