Wednesday, April 21, 2010

ഏറ്റവും വലിയ മൂല്യം കാരുണ്യം: ഡോ. ഏബ്രഹാം യൂലിയോസ്‌

മാനുഷിക ചരിത്രത്തില്‍ ഏറ്റവും വലിയ മൂല്യം കാരുണ്യമാണെന്ന്‌ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ യൂലിയോസ്‌ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പുഴ സെണ്റ്റ്‌ തോമസ്‌ ഫൊറോനാ പള്ളി സുവര്‍ണജൂബിലി വാരാഘോഷത്തിണ്റ്റെ ഭാഗമായി നടത്തിയ മൂല്യാധിഷ്ഠിത സമൂഹരൂപീകരണത്തില്‍ മതങ്ങള്‍ക്കുള്ള പങ്ക്‌ എന്ന മതമൈത്രി സമ്മേളനത്തിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്‌. ദൈവികപൂര്‍ണതയുടെ ഭാഗമാണ്‌ കാരുണ്യം. ഭാരതമെന്ന രാജ്യം കരുണയുടെ രാജ്യമാണ്‌. മതഗ്രന്ഥങ്ങളെല്ലാം തന്നെ കരുണയുടെ മൂല്യമാണ്‌ എടുത്തുപറയുന്നത്‌. എന്നാല്‍ ഇന്നത്തെ കാലത്ത്‌ നഷ്ടീഭവിക്കുന്ന മൂല്യം കരുണയാണെന്നും ബിഷപ്‌ പറഞ്ഞു. കരുണയുടെ ശുശ്രൂഷ പറയുന്നവര്‍ ഇന്ന്‌ മണ്ടന്‍മാരാകുന്ന സ്ഥിതിയാണ്‌. എല്ലാ മതത്തിനും പൊതുവായുള്ള കാര്യം കരുണയാണ്‌. എന്നാല്‍ ചില കുത്സിതശക്തികള്‍ ഇതിനെതിരായി വര്‍ത്തിക്കുന്നത്‌ തടയപ്പെടേണ്ടതാണ്‌.എല്ലാവരെയും ഒന്നായി കാണുകയും സ്വീകരിക്കുകയും നല്‍കുകയും ധന്യരാക്കുകയും ചെയ്യുന്ന മതമാണ്‌ ക്രൈസ്തവ മതമെന്ന്‌ രൂപതാധ്യക്ഷന്‍ പറഞ്ഞു.ചടങ്ങില്‍ റവ. ഡോ. ഏബ്രഹാം പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. വിഷയാവതരണം ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ പ്രതിനിധി എസ്‌.ജയചന്ദ്രന്‍, ഡോ. ആണ്റ്റണി മാമ്പിള്ളി, ഹബീബ്‌ ഫൈസി തുടങ്ങിയവര്‍ നിര്‍വഹിച്ചു. ഷാജി തുരുത്തിപ്പള്ളി സ്വാഗതവും ബേബി ചെറുകര നന്ദിയും പറഞ്ഞു. സണ്ണി കിഴക്കേക്കര മെമണ്റ്റോ വിതരണവും നടത്തി.