Monday, May 3, 2010

തൊഴിലാളികളുടെ ക്ഷേമവും രാഷ്ട്രപുരോഗതിയും സഭയുടെ പ്രഖ്യാപിത ലക്ഷ്യം: മാര്‍ ജോസഫ്‌ പവ്വത്തില്‍

തൊഴിലാളികളുടെ ക്ഷേമവും കുടുംബങ്ങളുടെ വളര്‍ച്ചയും ഇതിലൂടെ രാഷ്ട്രപുരോഗതിയും സഭ ലക്ഷ്യം വയ്ക്കുന്നതായി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കേരള ലേബര്‍ മൂവ്മെണ്റ്റ്‌ ചങ്ങനാശേരി അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച മെയ്ദിന റാലി മെത്രാപ്പോലീത്തന്‍ പള്ളി മൈതാനിയില്‍ ഫ്ളാഗ്‌ ഓഫ്‌ ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. എല്ലാ തൊഴിലും മഹത്തരമാണെന്ന ബോധ്യം സഭാംഗങ്ങള്‍ക്ക്‌ ഉണ്ടാകണം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതോടൊപ്പം തൊഴില്‍ ചെയ്ത്‌ ജീവിക്കാനുള്ള ക്രമീകരണങ്ങളും ഉണ്ടാകണം. ഇതിനാണ്‌ സഭ ലേബര്‍ മൂവ്മെണ്റ്റിന്‌ തുടക്കം കുറിച്ചിരിക്കുന്നത്‌. രാഷ്ട്രീയ സംഘടനകള്‍ തൊഴിലാളികളെയും സംഘടനകളെയും ചൂഷണം ചെയ്യുന്ന സാഹചര്യം അനുവദിക്കരുത്‌. ഇത്‌ പുരോഗതിക്ക്‌ സഹായകരമാകില്ലെന്നും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ.തോമസ്‌ തുമ്പയില്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ നൂറു കണക്കിന്‌ തൊഴിലാളികള്‍ പങ്കെടുത്ത റാലി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിച്ചേര്‍ന്നു. കെ.എല്‍എമ്മിണ്റ്റെ കൊടിക്കു പിന്നില്‍ മുദ്രാവാക്യം മുഴക്കി തൊഴിലാളികള്‍ ഒന്നിച്ച റാലി കേരള കത്തോലിക്കാസഭയുടെ ചരിത്രത്തിനും കൂട്ടായ്മയ്ക്കും പുത്തന്‍ ആമുഖമെഴുതുന്നതായിരുന്നു. എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. തൊഴിലിണ്റ്റെ മാഹാത്മ്യം മനസിലാക്കി ക്രൈസ്തവര്‍ തൊഴില്‍ മേഖലയെ ശുദ്ധീകരിക്കുന്ന പ്രേഷിതരാകണമെന്ന്‌ മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. സഭയുടെ കീഴില്‍ തൊഴിലാളികള്‍ സംഘടിക്കുന്നത്‌ രാഷ്ട്രീയക്കാര്‍ സംശയദൃഷ്ടിയോടെ വീക്ഷിച്ച്‌ ഇതിനെ ഭിന്നിപ്പിക്കാന്‍ കരുതലോടെ കാത്തിരിക്കുന്നത്‌ ജാഗ്രതയോടെ കാണണമെന്നും മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്റ്റ്‌ ജോസഫ്‌ ജൂഡ്‌, പോലീസ്‌ സൂപ്രണ്ട്‌ ജേക്കബ്‌ ജോബ്‌, കെഎംഎല്‍ ഡയറക്ടര്‍ ഫാ.ബെന്നി കുഴിയടി, ചാസ്‌ ഡയറക്ടര്‍ ഫാ.ജേക്കബ്‌ കാട്ടടി, സെബാസ്റ്റ്യന്‍ മാളിയേക്കല്‍, പി.സി കുഞ്ഞപ്പന്‍, എസ്ബിടി തെങ്ങണാ ശാഖാ മാനേജര്‍ എ.ടി.ജോബ്‌ എന്നിവര്‍ പ്രസംഗിച്ചു.