Monday, May 3, 2010

ലഹരി ഉത്പന്നങ്ങള്‍ക്കെതിരേ ബോധവത്കരണം അനിവാര്യം: മാര്‍ മാത്യു അറയ്ക്കല്‍

സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരി ഉത്പന്നങ്ങളായ മദ്യം, മയക്കുമരുന്ന്‌ തുടങ്ങിയവയ്ക്കെതിരേ ബോധവത്കരണം അനിവാര്യമാണെന്ന്‌ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. എമ്മാനുവേല്‍ സ്നേഹ സമൂഹത്തിണ്റ്റെയും തമ്പലക്കാട്‌ പെനുവേല്‍ ആശ്രമത്തിണ്റ്റെയും കാഞ്ഞിരപ്പള്ളി രൂപത മദ്യവിരുദ്ധ സമിതിയുടെയും സംയുക്ത വാര്‍ഷികാഘോഷങ്ങളില്‍ അധ്യക്ഷതവഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതുമൂലം സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയും കുടുംബങ്ങള്‍ ശിഥിലീകരിക്കപ്പെടുകയും ചെയ്യുന്നതായും മദ്യപന്‍മാര്‍ക്കു സ്നേഹം നല്‍കി സമൂഹത്തിണ്റ്റെ മുഖ്യധാരയിലെത്തിക്കുവാന്‍ കഴിയണമെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ കാക്കനാട്‌ സെണ്റ്റ്‌ തോമസ്‌ മൌണ്ടില്‍ നിന്ന്‌ പ്രയാണമാരംഭിച്ച ദീപശിഖ റാലി ഉച്ചകഴിഞ്ഞ്‌ അക്കരപ്പള്ളിയില്‍ എത്തിയപ്പോള്‍ മാര്‍ മാത്യു അറയ്ക്കല്‍ ദീപശിഖ ഏറ്റുവാങ്ങി. തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ മദ്യവിമുക്ത കുടുംബങ്ങള്‍ പങ്കെടുത്ത റാലി കാഞ്ഞിരപ്പള്ളി സിഐ എം.ഇ ഷാജഹാന്‍ ഫ്ളാഗ്‌ ഓഫ്‌ ചെയ്തു. സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട്‌ ആമുഖ പ്രഭാഷണം നടത്തി. ആണ്റ്റോ ആണ്റ്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഷപ്‌ ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ അനുഗ്രഹ പ്രഭാഷണവും എമ്മാനുവേല്‍ വോയ്സ്‌ സ്നേഹാഗ്നി ഓഡിയോ സിഡിയുടെ പ്രകാശനവും നിര്‍വഹിച്ചു. എംഎല്‍എമാരായ കെ.സി ജോസഫ്‌, പ്രഫ. എന്‍ ജയരാജ്‌, അഡ്വ. അല്‍ഫോന്‍സ്‌ കണ്ണന്താനം, വികാരി ജനറാള്‍ റവ. ഡോ. മാത്യു പായിക്കാട്ട്‌, കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ്‌ ആലുങ്കല്‍, കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡണ്റ്റ്‌ ജോര്‍ജുകുട്ടി ആഗസ്തി, ബ്ളോക്കു പഞ്ചായത്തു പ്രസിഡണ്റ്റ്‌ തങ്കമ്മ ജോര്‍ജുകുട്ടി, പഞ്ചായത്തു പ്രസിഡണ്റ്റ്‌ വി.പി ഇസ്മയില്‍, ഫാ. അലക്സാണ്ടര്‍ കുരീക്കാട്ട്‌, സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ്‌ കുരുവിള, വര്‍ഗീസ്‌ കണ്ടത്തില്‍, പി.എം സണ്ണി എന്നിവര്‍ പ്രസംഗിച്ചു.