Thursday, May 6, 2010

നാര്‍കോ, പോളിഗ്രാഫ്‌, ബ്രെയിന്‍ മാപ്പിംഗ്‌ പരിശോധനകള്‍ ഭരണഘടനാവിരുദ്ധം

നാര്‍കോ അനാലിസിസ്‌, പോളിഗ്രാഫ്‌ ടെസ്റ്റ്‌ (നുണ പരിശോധന), ബ്രെയിന്‍ മാപ്പിംഗ്‌ എന്നീ പരിശോധനകള്‍ ഭരണഘടനാവിരുദ്ധമാണെന്ന്‌ സുപ്രീം കോടതി വിധിച്ചു. ഇത്തരത്തിലുള്ള പരിശോധനകള്‍ വ്യക്തിസ്വാതന്ത്യ്രത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഈ പരിശോധനാഫലങ്ങള്‍ തെളിവായി സ്വീകരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരാളുടെ സമ്മതമില്ലാതെ നാര്‍കോ, പോളിഗ്രാഫ്‌, ബ്രെയിന്‍ മാപ്പിംഗ്‌ പരിശോധനകള്‍ നടത്തുന്നത്‌ നിയമവിരുദ്ധവും ഭരണഘടനയുടെ ലംഘനവുമാണെന്ന്‌ ചീഫ്‌ ജസ്റ്റീസ്‌ കെ.ജി ബാല കൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ ബ ഞ്ചാണ്‌ വിധിച്ചത്‌. സ്വന്തം ഇഷ്ടപ്രകാരമല്ലാതെയുള്ള ഇത്തരം നടപടികള്‍ക്ക്‌ വിധേയമാക്കുന്നത്‌ ഭരണഘടനയുടെ 20(3) വകുപ്പിണ്റ്റെ ലംഘനമാണ്‌. വ്യക്തികളുടെ മൌലികാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായി ഇത്‌ വ്യാഖ്യാ നിക്കാം. നിര്‍ബന്ധിച്ച്‌ ഒരാളെക്കൊണ്ട്‌ കുറ്റം സമ്മതിപ്പിക്കരുതെന്ന്‌ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും 400പേജുള്ള വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി. അഭിപ്രായം മറച്ചുവയ്ക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്യ്രത്തിണ്റ്റെയും മൌലികാവകാശങ്ങളുടെയും ലംഘനമാണ്‌ നാര്‍കോ പരിശോധനയിലൂടെ നടക്കുന്നത്‌. ഒരു വ്യക്തിയെയും തനിക്കെതിരേ തന്നെ തെളിവുനല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ല. വ്യക്തിയുടെ അനുമതിയോടെ പരിശോധന നടത്തിയാലും ഒരു കേസിലും ഇത്‌ തെളിവായി ഉപയോഗിക്കാന്‍ പാടില്ല. അബോധാവസ്ഥയില്‍ നല്‍കുന്ന മൊഴി തെളിവുകളായി കാണാന്‍ കഴിയില്ല. ഇത്തരം പരിശോധനകള്‍ നടത്തിയാല്‍തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന്‌ ഉറപ്പ്‌ വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കുറ്റാന്വേഷണത്തിന്‌ ഒരുപക്ഷേ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമായിരിക്കാമെന്ന്‌ ജസ്റ്റീസുമാരായ ആര്‍.വി രവീന്ദ്രന്‍, ദല്‍ബീര്‍ ഭണ്ഡാരി എന്നിവര്‍ ഉള്‍പ്പെട്ട ബ ഞ്ച്‌ അഭിപ്രായപ്പെട്ടു. എന്നാല്‍, ഭരണഘടനാപ്രകാരം അനുവദിക്കാനാവില്ല. ചിലപ്പോള്‍ ഇത്തരം ടെസ്റ്റുകള്‍ നടത്താതിരിക്കുന്നതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാവാം. എങ്കിലും കുറ്റം ചെയ്യാത്ത ഒരാളെ പരിശോധനയ്ക്ക്‌ വിധേയമാക്കുന്നത്‌ നീതീകരിക്കാനാവില്ല. ഈ പരിശോധനകളുടെ ഫലങ്ങള്‍ മാത്രം തെളിവായെടുത്തിട്ടുള്ള കേസുകളില്‍ പുതിയ തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മറ്റു തെളിവുകള്‍ ഇത്തരം കേസുകളിലുണ്ടെങ്കില്‍ അവയുമായി മുന്നോട്ടുപോകാം. ഇത്തരം പരിശോധനകളെ അനുകൂലിച്ച്‌ സിബിഐ അഭിഭാഷകന്‍ നടത്തിയ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. അഭയാ കേസുമായി ബന്ധപ്പെട്ട്‌ രണ്ടു വൈദികനെയും ഒരു കന്യാസ്ത്രീയെയും നാര്‍കോ പരിശോധനയ്ക്ക്‌ വിധേയമാക്കിയതും ഇതിണ്റ്റെ എഡിറ്റു ചെയ്ത സിഡി ദൃശ്യങ്ങള്‍ ടെലിവിഷനുകള്‍ക്ക്‌ ചോര്‍ത്തി നല്‍കിയതും വലിയ വിവാദമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത്‌ സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജികള്‍ കേരള, ഡല്‍ഹി ഹൈക്കോടതികളുടെ പരിഗണനയിലാണ്‌. കുറ്റം തെളിയിക്കാന്‍ മൂന്നാംമുറ ഒഴിവാക്കുന്നതിന്‌ ശാസ്ത്രീയ പരിശോധനകള്‍ അനിവാര്യമാണെന്നാണ്‌ കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും വേണ്ടി കോടതിയില്‍ വാദിച്ചിരുന്നത്‌. അതിനാല്‍, നാര്‍കോ പരിശോധനാഫലം കോടതി തെളിവായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദങ്ങളെല്ലാം കോടതി തള്ളി. ഇതോടെ, നാര്‍കോ ടെസ്റ്റുകള്‍ പോലു ള്ള പരിശോധനകളുടെ പിന്‍ബലത്തില്‍ അന്വേഷണ ഏജന്‍സികള്‍ തെളിവുണ്ടാക്കിയ കേസുകള്‍ക്ക്‌ സുപ്രീം കോടതി വിധി തിരിച്ചടിയായിരിക്കുകയാണ്‌. 2004മുതലുള്ള പത്തോളം ഹര്‍ജികള്‍ പരിഗണിച്ചാണ്‌ സുപ്രീം കോടതി ഇന്നലെ അന്തിമവിധി പ്രസ്താവിച്ചത്‌. 2008ജനുവരി 25-ന്‌ വാദം പൂര്‍ത്തിയാക്കിയ കേസ്‌ വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു.