Monday, May 3, 2010

സഭയുടെ നിലപാട്‌ വിശ്വാസത്തില്‍ അടിയുറച്ചത്‌: അല്‍മായ കമ്മീഷന്‍

ക്രൈസ്തവ സഭയുടെ നിലപാട്‌ വിശ്വാസത്തില്‍ അടിയുറച്ചതാണെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും മതവിരോധികള്‍ക്കും സഭ എതിരാണ്‌. അവസരത്തിനൊത്ത്‌ നിലപാട്‌ മാറ്റുന്നവരും സഭാധ്യക്ഷന്‍മാരെ ആക്ഷേപിക്കുന്നവരും ക്രൈസ്തവ സഭയ്ക്കു നേരേ വിരല്‍ ചൂണ്ടേണ്ടതില്ലെന്നും അല്‍മായ കമ്മീഷന്‍ വ്യക്തമാക്കി.വിശ്വാസ സമൂഹത്തെ ആവശ്യാനുസരണം ബോധവത്കരിക്കാനും ധാര്‍മിക മൂല്യങ്ങള്‍ക്കധിഷ്ഠിതമായ പ്രബോധനങ്ങള്‍ നല്‍കാനും സഭാ നേതൃത്വത്തിന്‌ കടമയുണ്ട്‌. ആ ഉത്തരവാദിത്വമാണ്‌ സഭാപിതാക്കന്‍മാര്‍ നിര്‍വഹിക്കുന്നത്‌. ഇതില്‍ കൈ കടത്താന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും അനുവദിക്കുകയില്ലെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ വ്യക്തമാക്കി. സഭയുടെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല. അത്‌ മനുഷ്യനന്‍മയും സാമൂഹ്യ നീതിയും ലക്ഷ്യമിട്ടുള്ളതാണ്‌. ന്യൂനപക്ഷസംരക്ഷണവും മതേതരത്വവും മുഖ്യ അജന്‍ഡയുമാണ്‌. കേരളത്തിലെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നായ വിഷയത്തിലേക്ക്‌ ക്രൈസ്തവ സഭയേയും സഭാധ്യക്ഷന്‍മാരേയും ആരും വലിച്ചിഴയ്ക്കേണ്ടതില്ല. മതാധ്യക്ഷന്‍മാരേയും, വൈദികരേയും, സന്യസ്തരേയും, അല്‍മായരേയും വേര്‍ തിരിക്കാനും അവഹേളനത്തിലൂടെയും ആക്ഷേപങ്ങളിലൂടെയും വിശ്വാസി സമൂഹത്തിനിടയില്‍ വിഭാഗീയത സൃഷ്്ടിക്കാനുമുള്ള ഏതൊരു നീക്കത്തെയും ചെറുക്കുമെന്ന്‌ അഡ്വ. സെബാസ്റ്റ്യന്‍ മുന്നറിയിപ്പ്‌ നല്‍കി.