Monday, May 31, 2010

പ്രൈമറി വിദ്യാഭ്യാസരംഗം ഭീഷണിയില്‍: ഡോ. സ്റ്റാന്‍ലി റോമന്‍

സംസ്ഥാനത്തെ പ്രൈമറി വിദ്യാഭ്യാസരംഗം നിലനില്‍പിണ്റ്റെ ഭീഷണിയിലാണെന്നു കൊല്ലം ബിഷപും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. സ്റ്റാന്‍ലി റോമന്‍. തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കുമാരപുരം സെണ്റ്റ്‌ പയസ്‌ ടെന്ത്‌ കമ്യൂണിറ്റി ഹാളില്‍ നടന്ന വിദ്യാഭ്യാസ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗം ഇംഗ്ളീഷ്‌ മീഡിയം സ്കൂളുകളിലേക്കു പോകുന്നതോടെ പ്രൈമറി സ്കൂളുകള്‍ ഭീഷണി നേരിടുകയാണ്‌. ഗവണ്‍മെണ്റ്റ്‌ സ്കൂളുകളിലെ അധ്യാപകര്‍ക്കു കൂടുതല്‍ ഗുണനിലവാരം ഉണ്ടെന്നു സമ്മതിച്ചേ മതിയാകൂ. എന്നാല്‍, നല്ല അധ്യാപകരെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നെങ്കില്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോകില്ലായിരുന്നു. നമ്മള്‍ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസം സര്‍ക്കാര്‍ സ്കൂളുകളില്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.