Wednesday, June 30, 2010

കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക്‌ കൌണ്‍സില്‍ സമ്മേളനം ജൂലൈ 11 ന്‌

കേരള ലത്തീന്‍ കത്തോലിക്ക സമുദായത്തിണ്റ്റെ ഏകോപന സമിതിയാണ്‌ കേരള റീജ്യന്‍ ലാറ്റിന്‍ കത്തോലിക്ക്‌ കൌണ്‍സില്‍. 2002മേയ്‌ മാസമാണ്‌ ഈ സമിതി രൂപം കൊണ്ടത്‌. കേരളത്തിലെ 11ലത്തീന്‍ രൂപതകളിലായി 20ലക്ഷത്തോളം ലത്തീന്‍ കത്തോലിക്കരാണുള്ളത്‌. സാമൂഹ്യ- സാമ്പത്തിക മേഖലകളിലെ പിന്നോക്കാവസ്ഥയും പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ഉണ്ടായിട്ടുള്ള തകര്‍ച്ചയും സമുദായാംഗങ്ങളുടെ വിവിധ തലങ്ങളിലുള്ള വളര്‍ച്ചയ്ക്കും വികാസത്തിനും തടസ്സമാകുന്നുണ്ട്‌. ഈ സമുദായത്തിന്‌ നീതിപൂര്‍വ്വകമായ പരിഗണന നല്‍കുവാന്‍ കാലാകാലങ്ങളിലെ കേന്ദ്ര- സംസ്ഥാന ഭരണസംവിധാനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ രാഷ്ട്രീയ കക്ഷികള്‍ തയ്യാറായിട്ടില്ല. ഈ രാഷ്ട്രീയ അവഗണനയും സമുദായത്തിണ്റ്റെ മുഖ്യധാരയിലേക്കുള്ള പ്രവേശനത്തിന്‌ തടസ്സമായി. പരമ്പരാഗത തൊഴിലാളികളുടെ പ്രാധാന്യവും തൊഴിലിടങ്ങളുടെ സാദ്ധ്യതകളും നഷ്ടമാകുന്നത്‌ ലത്തീന്‍ സമൂഹം വേദനയോടെയാണ്‌ നോക്കിക്കാണുന്നത്‌. മത്സ്യത്തൊഴിലാളികള്‍, കെട്ടിടനിര്‍മ്മാണതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി ചെറുകിട സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇവരൊക്കെ നിലനില്‍പ്പിന്‌ വേണ്ടി പൊരുതുന്ന അവസ്ഥയാണ്‌. ഇന്ത്യയിലെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക്‌ സാമൂഹിക നീതി നേടുന്നതിന്‌ ഭരണഘടന ഉറപ്പുനില്‍കിയ പരിരക്ഷയാണ്‌ സംവരണം. എന്നാല്‍ സംവരണം നടപ്പിലാക്കിയത്‌ ഭരണഘടനാപരമായ ഉറപ്പുകള്‍ ലംഘിച്ച്‌, വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌. ലത്തീന്‍ സമുദായം ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ മുഖ്യധാരയിലേക്കുള്ള പ്രവേശനത്തെയാണ്‌ ഇത്‌ തടഞ്ഞത്‌. സ്വതന്ത്ര ഇന്ത്യ 62വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ലത്തീന്‍ സമുദായത്തിലെ രണ്ടുപേര്‍ക്കുമാത്രമേ കേരളാ ഹൈക്കോടതിയില്‍ ജഡ്ജിയായി സേവനമനുഷ്ഠിക്കാന്‍ സാധിച്ചുള്ളുവെന്ന ഒറ്റ ദൃഷ്ടാന്തം മാത്രം മതി ഈ സമുദായത്തിന്‌ നിഷേധിച്ച അവസര സമത്വത്തെക്കുറിച്ചറിയാന്‍. ഇന്ത്യയുടെ സവിശേഷസാഹചര്യങ്ങളില്‍ സാമൂഹിക നീതി കൈവരിക്കുന്ന ഒരു സമൂഹം രൂപപ്പെടുന്നത്‌ രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്ക്‌ രാഷ്ട്രീയനീതി ലഭ്യമാകുമ്പോഴാണ്‌. ഈ തിരിച്ചറിവാണ്‌ രാഷ്ട്രീയ നീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അതിണ്റ്റെ അടിസ്ഥാനത്തിലുള്ള അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള രേഖയും കെ.ആര്‍.എല്‍.സി.സി. തയ്യാറാക്കിയിട്ടുള്ളത്‌. സമുദായത്തിണ്റ്റെ നീതി പൂര്‍ണ്ണമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കുചേരാന്‍ ഏവരെയും സാദരം ക്ഷണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്‌ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക്‌ കൌണ്‍സിലിണ്റ്റെ 16-ാമത്‌ ജനറല്‍ ബോഡി യോഗം തിരുവനന്തപുരം ആനിമേഷന്‍ സെണ്റ്ററില്‍ വച്ച്‌ ജൂലൈ മാസം 9,10,11തീയതികളില്‍ നടക്കുന്നത്‌. ജൂലൈ മാസം 11-ാം തീയതി ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ഒരു ജനകീയ കണ്‍വെന്‍ഷന്‍ തിരുവനന്തപുരം സെണ്റ്റ്‌ ജോസഫ്സ്‌ ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുകയാണ്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കെ.ആര്‍.എല്‍.സി.സി. സമര്‍പ്പിക്കുന്ന അവകാശ പത്രിക പ്രസ്തുത സമ്മേളനത്തില്‍ അവതരിപ്പിക്കുന്നു. അഭിവന്ദ്യ സൂസപാക്യം പിതാവിണ്റ്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പ്രസ്തുതയോഗത്തില്‍ കേന്ദ്ര മന്ത്രി, ധനകാര്യമന്ത്രി ശ്രീ. തോമസ്‌ ഐസക്‌, കെ.പി.സി.സി. പ്രസിഡണ്റ്റ്‌ ശ്രീ. രമേശ്‌ ചെന്നിത്തല, എന്നിവര്‍ അവകാശ പത്രികയോടുള്ള പ്രതികരണം നല്‍കുകയും ചെയ്യും.